രാജ്യത്ത് വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ അന്യായമായി ശേഖരിക്കുന്നതും, കൈവശം വെക്കുന്നതും നിയമപരമായി ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഇത്തരം വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നതും, അത്തരം പ്രവർത്തനങ്ങൾക്കായി ഇത്തരം വിവരങ്ങൾ വിശകലനം ചെയ്യുന്നതും കുറ്റകൃത്യമായി കണക്കാക്കുന്നതാണ്.
2022 ജനുവരി 29-നാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഊഹാപോഹങ്ങൾ തടയുന്നതിനും, സൈബർ കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിനുമായുള്ള 2021-ലെ യു എ ഇ ഫെഡറൽ നിയമം 34-ലെ ആർട്ടിക്കിൾ 13 പ്രകാരം അനധികൃതമായി യു എ ഇ പൗരന്മാരുടെയും, രാജ്യത്തെ പ്രവാസികളുടെയും സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതിനും, സൂക്ഷിക്കുന്നതിനും, അവ ഉപയോഗപ്പെടുത്തുന്നതിനുമായി സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നത് കരുതൽ തടങ്കൽ, അമ്പതിനായിരം ദിർഹം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ എന്നിവ ലഭിക്കാവുന്ന കുറ്റമായി കണക്കാക്കുന്നതാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.