ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിലെത്തി. 2024 ജനുവരി 9-ന് അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സ്വീകരിച്ചു.
ഇന്ത്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചകൾ നടത്തുന്നതിനും, ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ വളർത്തുന്നതിന്റെ വിവിധ വശങ്ങൾ വിശകലനം ചെയ്യുന്നതിനുമായാണ് അദ്ദേഹം ഇന്ത്യയിലെത്തിയിരിക്കുന്നത്. പത്താമത് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയിലും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുക്കുന്നുണ്ട്.
അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയ യു എ ഇ പ്രസിഡന്റിനെ ശ്രീ. നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിച്ചു.
തുടർന്ന് പ്രാദേശിക നാടോടി കലാകാരൻമാർ ഒരുക്കിയ ഒരു കലാപ്രകടനം ഇരുവരും ആസ്വദിച്ചു.
അബുദാബി ഡെപ്യൂട്ടി ഭരണാധികാരിയും, നാഷണൽ സെക്യൂരിറ്റി അഡ്വൈസറുമായ ഷെയ്ഖ് തഹ്നൗൻ ബിൻ സായിദ് അൽ നഹ്യാൻ, വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പ്രെസിഡെൻഷ്യൽ കോർട്ട് സ്പെഷ്യൽ അഫയേഴ്‌സ് അഡ്വൈസർ ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൗൻ അൽ നഹ്യാൻ, സുപ്രീം കൗൺസിൽ ഫോർ നാഷണൽ സെക്യൂരിറ്റി സെക്രട്ടറി ജനറൽ അലി ബിൻ ഹമദ് അൽ ഷംസി, യു എ ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്, യു എ ഇ മിനിസ്റ്റർ ഓഫ് ഇൻവെസ്റ്റ്മെന്റ് മുഹമ്മദ് ഹസൻ അൽ സുവൈദി, യു എ ഇ മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ഫോർ ഫോറിൻ ട്രേഡ് ഡോ. താനി ബിൻ അഹ്‌മദ് അൽ സെയൂദി, അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, എക്സിക്യൂട്ടീവ് അഫയേഴ്‌സ് അതോറിറ്റി ചെയർമാനും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവുമായ ഖൽദൂൻ ഖലീഫ അൽ മുബാറക്, ധനകാര്യ വകുപ്പ് ചെയർമാനും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവുമായ ജാസ്സിം മുഹമ്മദ് ബു അതബ അൽ സാബി, സാമ്പത്തിക, വാണിജ്യ കാര്യ വകുപ്പ് അസിസ്റ്റന്റ് ഫോറിൻ മിനിസ്റ്റർ സയീദ് മുബാറക് അൽ ഹജേരി, ഇന്ത്യയിലെ യു എ ഇ അംബാസഡർ ഡോ. അബ്ദുൽ നാസർ അൽ ഷാലി എന്നിവർ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി യു എ ഇ പ്രസിഡന്റിനെ അനുഗമിക്കുന്നുണ്ട്.
Cover Image: @PMOIndia.