യുഎഇ: അറ്റകുറ്റപ്പണികൾക്കായി വാഹനങ്ങൾ റോഡിൽ നിർത്തുന്നത് സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ്

UAE

കേടായ വാഹനങ്ങൾ അറ്റകുറ്റപ്പണികൾക്കായി റോഡുകളിലോ, പാതയോരങ്ങളിലോ നിർത്തിയിടുന്നത് സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി. കേടുപാടുകൾ തീർക്കുന്നതിനായി വാഹനങ്ങൾ റോഡുകളിൽ നിർത്തിയിടുന്നതും, പാർക്ക് ചെയ്ത് പോകുന്നതും രാജ്യത്തെ ട്രാഫിക്ക് നിയമങ്ങൾ പ്രകാരം അനുവദനീയമല്ലെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

ഗതാഗതവുമായി ബന്ധപ്പെട്ട 1995-ലെ നമ്പർ 21 യു എ ഇ ഫെഡറൽ നിയമപ്രകാരം (നിയമ ഭേദഗതി നമ്പർ 12/ 2017) മറ്റു വാഹനങ്ങൾക്ക് തടസ്സമാകുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിയമ ലംഘനമായി കണക്കാക്കുന്നതാണ്. ഇതനുസരിച്ച് താത്കാലിക അറ്റകുറ്റപ്പണികൾക്കൊഴികെ വാഹനങ്ങൾ റോഡിൽ നിർത്തുന്നതും, ട്രാഫിക് തടസ്സങ്ങൾ ഉണ്ടാക്കുന്നതും അനുവദിക്കുന്നതല്ലായെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പിലൂടെ വ്യക്തമാക്കി.