കുട്ടികളുടെ അവകാശങ്ങളും പരിചരണവും സംരക്ഷിക്കുന്നതിനായി യു എ ഇ ഒരു സംയോജിത സംവിധാനം സജ്ജമാക്കുമെന്ന് അബുദാബി ക്രൗൺ പ്രിൻസ് കോർട്ട് ചെയർമാനും അബുദാബി ഏർലി ചൈൽഡ്ഹുഡ് അതോറിറ്റി (ECA) ചെയർമാനുമായ H.H. ഷെയ്ഖ് ത്വയബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വ്യക്തമാക്കി. നിയമനിർമ്മാണം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകൾക്കൊപ്പം, സാംസ്കാരിക മേഖലയെയും സംയോജിപ്പിച്ച് കൊണ്ടുള്ള സംയോജിത സംവിധാനത്തിലൂടെയാണ് യു എ ഇ കുട്ടികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടികൾക്ക് അവരുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം, അവർക്ക് സമ്പൂർണ പരിചരണം നൽകുന്നതും, അവരുടെ സ്വത്വം, സംസ്‌കാരം, പൈതൃകം, സാമൂഹിക മൂല്യങ്ങൾ എന്നിവയെക്കുറിച്ചുള്ള അവബോധം ഉയർത്തുന്നതും ഈ സംവിധാനത്തിലൂടെ രാജ്യം ലക്ഷ്യമിടുന്നതായി ഷെയ്ഖ് ത്വയബ് സൂചിപ്പിച്ചു. 2021 നവംബർ 20-ന്, ലോക ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
യു എ ഇ നേതൃത്വം കുട്ടികൾക്ക് നൽകുന്ന ശ്രദ്ധ ഭാവി തലമുറകളോടുള്ള താൽപ്പര്യമാണ് കാണിക്കുന്നതെന്നും, ഇത് ഭാവിയിലെ ചുമതലകൾ ഏൽക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുമെന്നും ഷെയ്ഖ് ത്വയബ് പറഞ്ഞു. കുട്ടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും, അവരുടെ വ്യക്തിത്വം കെട്ടിപ്പടുക്കുന്നതിനുള്ള അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും, സമൂഹത്തിൽ നല്ല പങ്കാളിത്തത്തിന് അവരെ സജ്ജമാക്കുന്നതിനും, സ്ഥിരോത്സാഹം, ശാസ്ത്രസ്നേഹം, മികവ് എന്നിവയുടെ മൂല്യങ്ങൾ വളർത്തിയെടുക്കാനും സഹായകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോളതലത്തിൽ പിന്തുടരുന്ന തങ്ങളുടെ മാനുഷിക സമീപനത്തിന്റെ വെളിച്ചത്തിൽ, ലോകമെമ്പാടുമുള്ള കുട്ടികളുടെ, പ്രത്യേകിച്ച് പ്രതിസന്ധികൾ, യുദ്ധങ്ങൾ, പകർച്ചവ്യാധികൾ എന്നിവയാൽ ബുദ്ധിമുട്ടുന്ന ദരിദ്ര സമൂഹങ്ങളിലും പ്രദേശങ്ങളിലും കുട്ടികളുടെ ഒരു പ്രധാന കൈത്താങ്ങാണ് യു എ ഇയെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കുട്ടികളെ പരിപാലിക്കുന്നതിൽ കുടുംബങ്ങൾക്കുള്ള പ്രാധാന്യത്തിലേക്ക് ഷെയ്ഖ് ത്വയബ് ശ്രദ്ധ ക്ഷണിച്ചു. ദേശീയ പദ്ധതികളുടെയും തന്ത്രങ്ങളുടെയും വിജയത്തിന് കുട്ടിക്കാലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള കുടുംബ അവബോധം അനിവാര്യമാണെന്ന് അദ്ദേഹം വിശദീകരിച്ചു.
WAM