ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ സമ്മേളനങ്ങളിലൊന്നായ COSPAR 2028-ന് യു എ ഇ വേദിയാകും. ഈ പരിപാടി 2028-ൽ യു എ ഇയിൽ വെച്ച് നടത്തുന്നതിനുള്ള ഔദ്യോഗിക അംഗീകാരം ലഭിച്ചതായി 2024 ജൂലൈ 25-ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു.
“ബഹിരാകാശ ഗവേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ലോകത്തെ ഏറ്റവും വലിയ സമ്മേളനമായ COSPAR 2028-ന് വേദിയാകുന്നു എന്നത് അറിയിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. അറബ് ലോകത്ത് ആദ്യമായി നടക്കുന്ന ഈ സമ്മേളനം ബഹിരാകാശ ഗവേഷണ മേഖലയിലെ മൂവായിരത്തിലധികം ഗവേഷകർ, വിദഗ്ദർ, ശാസ്ത്രജ്ഞർ, തുടങ്ങിയവരുടെ പങ്കാളിത്തത്തിന് വേദിയാകും. ഇവർ ബഹിരാകാശ ഗവേഷണ രംഗത്തെ ഏറ്റവും നൂതനമായ കണ്ടെത്തലുകൾ ഈ സമ്മേളനത്തിൽ അവതരിപ്പിക്കുന്നതാണ്.”, ഷെയ്ഖ് ഹംദാൻ അറിയിച്ചു.
ബഹിരാകാശ ശാസ്ത്രം ഉൾപ്പടെയുള്ള ശാസ്ത്ര മേഖലകളിൽ യു എ ഇ വഹിക്കുന്ന പങ്ക് ഇത് വെളിപ്പെടുത്തുന്നതായി അദ്ദേഹം അറിയിച്ചു. ഈ സമ്മേളനത്തിന് യു എ ഇ വേദിയാകുന്നത് സാധ്യമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സ്റ്റേഷൻ അംഗങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
2028 ജൂലൈ 8 മുതൽ 16 വരെയുള്ള തീയതികളിൽ ദുബായിൽ വെച്ചാണ് COSPAR 2028 സംഘടിപ്പിക്കുന്നത്.