രാജ്യത്തെ സ്വകാര്യ മേഖലയിലെ വാർഷികാടിസ്ഥാനത്തിലുള്ള സ്വദേശിവത്കരണ നിരക്ക് 2 ശതമാനത്തിലേക്ക് ഉയർത്താൻ യു എ ഇ ക്യാബിനറ്റ് തീരുമാനിച്ചു. 2022 മെയ് 9-നാണ് യു എ ഇ ക്യാബിനറ്റ് ഈ തീരുമാനം കൈക്കൊണ്ടത്.
സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന യു എ ഇ പൗരന്മാരുടെ എണ്ണം ഉയർത്തുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനം. ഈ തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങൾ, സാമ്പത്തിക ഉത്തേജക പാക്കേജുകൾ എന്നിവയും ക്യാബിനറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി എമിറാത്തി പൗരന്മാരെ നിയമിക്കുന്ന സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ സേവന ഫീസുകളിൽ 80 ശതമാനത്തോളം ഇളവ് അനുവദിക്കുന്നതിന് ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്. 50-ലധികം തൊഴിലാളികൾ തൊഴിലെടുക്കുന്ന സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ ഉയർന്ന പദവികൾ വഹിക്കുന്ന എമിറാത്തി ജീവനക്കാരുടെ എണ്ണം 2 ശതമാനമാക്കുന്നതിനാണ് (വാർഷികാടിസ്ഥാനത്തിൽ) ക്യാബിനറ്റ് തീരുമാനിച്ചിരിക്കുന്നത്.
യു എ ഇ പൗരന്മാർക്ക് ഏതാണ്ട് 12000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഈ തീരുമാനം നടപ്പിലാക്കുന്നതിൽ വീഴ്ച്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് 2023 ജനുവരി മുതൽ പിഴ ചുമത്തുന്നതിനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാനപ്രകാരമുള്ള അളവിൽ എമിറാത്തി തൊഴിലാളികളെ നിയമിക്കാത്ത സ്ഥാപനങ്ങളിൽ നിന്ന് കുറവ് വരുത്തുന്ന ഓരോ എണ്ണം എമിറാത്തി ജീവനക്കാർക്കും 6000 ദിർഹം (മാസം തോറും) പിഴ ഇനത്തിൽ ഈടാക്കുമെന്നാണ് സൂചന.
With inputs from WAM.