യു എ ഇ: 2023 ജൂൺ 1 മുതൽ ഫെഡറൽ കോർപ്പറേറ്റ് നികുതി ഏർപ്പെടുത്താൻ ധനമന്ത്രാലയം തീരുമാനിച്ചു

featured GCC News

2023 ജൂൺ 1 മുതൽ രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളുടെ ബിസിനസ് ലാഭത്തിന്മേൽ ഒരു ഫെഡറൽ കോർപ്പറേറ്റ് നികുതി ഏർപ്പെടുത്തുമെന്ന് യു എ ഇ ധനമന്ത്രാലയം അറിയിച്ചു. 2023 ജൂൺ 1-നോ അതിനു ശേഷമോ ആരംഭിക്കുന്ന സാമ്പത്തിക വർഷങ്ങളിൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.

2022 ജനുവരി 31-നാണ് യു എ ഇ ധനമന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഈ അറിയിപ്പ് പ്രകാരം, രാജ്യത്തെ ബിസിനസ് സ്ഥാപനങ്ങൾക്ക് 2023 ജൂൺ 1-നോ അതിനു ശേഷമോ ആരംഭിക്കുന്ന അവരുടെ ആദ്യ സാമ്പത്തിക വർഷത്തിന്റെ ആരംഭം മുതൽ ഈ കോർപ്പറേറ്റ് നികുതി ബാധകമായിരിക്കും.

മുഴുവൻ സ്ഥാപനങ്ങൾക്കും ബിസിനസ് ലാഭത്തിന്മേൽ 9 ശതമാനം എന്ന രീതിയിലാണ് ഈ കോർപ്പറേറ്റ് നികുതി ഏർപ്പെടുത്തുന്നത്. എന്നാൽ ചെറുകിട ബിസിനസുകളെയും, സ്റ്റാർട്ടപ്പുകളെയും പിന്തുണയ്ക്കുന്നതിനായി നികുതി ചുമത്താവുന്ന ലാഭം 375000 ദിർഹം വരെയുള്ള സ്ഥാപനങ്ങൾക്ക് 0 ശതമാനം നികുതി നിരക്ക് ബാധകമാക്കിയിട്ടുണ്ട്.

രാജ്യത്തെ എല്ലാ ബിസിനസുകൾക്കും, വാണിജ്യ പ്രവർത്തനങ്ങൾക്കും ഈ കോർപ്പറേറ്റ് നികുതി ഒരുപോലെ ബാധകമാകുന്നതാണ്. എന്നാൽ പ്രകൃതിവിഭവങ്ങൾ വേർതിരിച്ചെടുക്കുന്ന മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ ഈ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങൾക്ക് എമിറേറ്റ് തലത്തിലുള്ള കോർപ്പറേറ്റ് ടാക്സ് വ്യവസ്ഥ തുടരുന്നതാണ്.

തൊഴിൽ, റിയൽ എസ്റ്റേറ്റ്, മറ്റ് നിക്ഷേപങ്ങൾ എന്നിവയിൽ നിന്നുള്ള വ്യക്തിഗത വരുമാനത്തിന് കോർപ്പറേറ്റ് നികുതി ബാധകമല്ലെന്നും ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ ബിസിനസ് അല്ലെങ്കിൽ മറ്റ് തരത്തിലുള്ള വാണിജ്യ പ്രവർത്തനങ്ങളിൽ നിന്നല്ലാതെ, വ്യക്തികൾക്ക് യു എ ഇയിൽ ലൈസൻസുള്ളതോ, ഏറ്റെടുക്കാൻ അനുമതിയുള്ളതോ ആയ പ്രവർത്തനങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിനും ഈ നികുതി ബാധകമല്ല.

എല്ലാ നിയന്ത്രണ വ്യവസ്ഥകളും പാലിച്ച് കൊണ്ട് പ്രവർത്തിക്കുന്ന ഫ്രീ സോൺ ബിസിനസുകൾക്ക് നിലവിൽ നൽകുന്ന കോർപ്പറേറ്റ് നികുതി ആനുകൂല്യങ്ങൾ തുടരുമെന്നും ധനമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ആഭ്യന്തര, അതിർത്തി കടന്നുള്ള പേയ്‌മെന്റുകൾക്ക് യു എ ഇ തടഞ്ഞുവയ്ക്കൽ നികുതി ചുമത്തുകയോ യു എ ഇയിൽ ബിസിനസ്സ് നടത്താത്ത വിദേശ നിക്ഷേപകരെ കോർപ്പറേറ്റ് നികുതിക്ക് വിധേയമാക്കുകയോ ചെയ്യില്ലെന്നും ധനമന്ത്രാലയം കൂട്ടിച്ചേർത്തു.

WAM