സൗത്ത് ആഫ്രിക്ക ഉൾപ്പടെ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് യു എ ഇയിലേക്കുള്ള വ്യോമയാന സർവീസുകൾക്ക് താത്കാലിക വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. നവംബർ 26-ന് രാത്രിയാണ് NCEMA ഇക്കാര്യം അറിയിച്ചത്.
ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി ചേർന്ന് നടപ്പിലാക്കുന്ന ഈ തീരുമാന പ്രകാരം സൗത്ത് ആഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്‌വെ, മൊസാമ്പിക്, ലെസോതോ, എസ്വതിനി എന്നീ രാജ്യങ്ങളിൽ നിന്ന് യു എ ഇയിലേക്കുള്ള യാത്രാവിമാന സർവീസുകളാണ് നിർത്തലാക്കിയിരിക്കുന്നത്. ഈ തീരുമാനം 2021 നവംബർ 29, തിങ്കളാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
യു എ ഇ പൗരന്മാർ, നയതന്ത്ര ഉദ്യോഗസ്ഥർ, ഗോൾഡൻ വിസകളുള്ളവർ തുടങ്ങിയ വിഭാഗങ്ങൾക്ക് ഈ തീരുമാനത്തിൽ പ്രത്യേക ഇളവുകൾ നൽകിയിട്ടുണ്ട്. ഇവർക്ക് ഈ രാജ്യങ്ങളിൽ നിന്ന് യു എ ഇയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് 48 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട്, യാത്ര പുറപ്പെടുന്നതിന് 6 മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ നിന്നെടുത്ത റാപിഡ് PCR ടെസ്റ്റ് റിസൾട്ട് എന്നിവ ഉപയോഗിച്ച് കൊണ്ട് യാത്രകൾ അനുവദിക്കുന്നതാണ്. ഇവർക്ക് യു എ ഇയിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ഒരു PCR ടെസ്റ്റ്, 10 ദിവസത്തെ ക്വാറന്റീൻ (ഒമ്പതാം ദിവസം മറ്റൊരു PCR) എന്നിവ നിർബന്ധമാണ്.
ഈ രാജ്യങ്ങളിൽ നിന്ന് യു എ ഇയിലേക്കുള്ള യാത്രാ വിമാനസർവീസുകൾ നിർത്തലാക്കിയതായി എമിറേറ്റ്സ് അറിയിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കും, ഈ രാജ്യങ്ങളിലൂടെ സഞ്ചരിച്ചിട്ടുള്ളവർക്കും ദുബായിലേക്ക് യാത്രാ സേവനം നൽകില്ലെന്ന് എമിറേറ്റ്സ് കൂട്ടിച്ചേർത്തു. എന്നാൽ ദുബായിൽ നിന്ന് ഈ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ തുടരുമെന്നും എമിറേറ്റ്സ് വ്യക്തമാക്കിയിട്ടുണ്ട്.
സൗത്ത് ആഫ്രിക്കയിൽ കണ്ടെത്തിയ COVID-19 വൈറസിന്റെ പുതിയ വകഭേദത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. B.1.1.529 എന്ന ഈ വകഭേദത്തിന് ലോകാരോഗ്യ സംഘടന ഒമിക്രോൺ എന്ന നാമം നൽകിയിട്ടുണ്ട്.