രാജ്യത്തെ പള്ളികളിൽ ഏർപ്പെടുത്തിയിട്ടുള്ള COVID-19 സുരക്ഷാ നിബന്ധനകളിൽ മാറ്റം വരുത്തിയതായി യു എ ഇ നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്മെന്റ് അതോറിറ്റി (NCEMA) വ്യക്തമാക്കി. നവംബർ 9, ചൊവ്വാഴ്ച്ച നടന്ന പ്രത്യേക പത്രസമ്മേളനത്തിൽ NCEMA ഔദ്യോഗിക വക്താവ് ഡോ. സൈഫ് അൽ ദാഹിരിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഇതിന്റെ ഭാഗമായി പള്ളികളിലെ സ്ത്രീകൾക്കുള്ള പ്രാർത്ഥനാ മുറികൾ തുറന്ന് കൊടുക്കുന്നതിനും, റോഡുകളുടെ വശങ്ങളിലുള്ള പ്രാർത്ഥനാ ഇടങ്ങൾ തുറന്ന് കൊടുക്കുന്നതിനും ഉൾപ്പടെയുള്ള അനുമതികൾ നൽകിയതായി അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെന്റ്സുമായി ചേർന്ന് സംയുക്തമായാണ് NCEMA ഈ തീരുമാനങ്ങൾ കൈക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു എ ഇയിലെ പള്ളികളിൽ ഏർപ്പെടുത്തിയിട്ടുള്ള പുതുക്കിയ COVID-19 സുരക്ഷാ നിബന്ധനകൾ:
- രാജ്യത്തുടനീളമുള്ള പള്ളികളിലെ സ്ത്രീകളുടെ പ്രാർത്ഥനാ മുറികൾ തുറക്കാൻ അനുമതി.
- പുറത്തുള്ള റോഡുകളിലെ പ്രാർത്ഥനാ ഇടങ്ങൾ തുറക്കാൻ അനുമതി.
- പള്ളികളിൽ ദേഹശുദ്ധി വരുത്തുന്നതിനുള്ള സംവിധാനങ്ങൾ ഉപയോഗിക്കാൻ അനുമതി.
- ദേഹശുദ്ധി വരുത്തുന്നതിനുള്ള മുറികളിലെ ഓരോ 2 വാഷ് ബേസിനുകൾക്കിടയിലും ഒരു വാഷ് ബേസിൻ ഉപയോഗിക്കുന്നതിന് അനുമതി നൽകുന്നതല്ല.
- ദേഹശുദ്ധി വരുത്തുന്നതിനുള്ള മുറികൾ കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കേണ്ടതാണ്.
- ദേഹശുദ്ധി വരുത്തുന്നതിനുള്ള മുറികൾ ഉപയോഗിക്കുന്നവർക്ക് അവ കൃത്യമായും, സുരക്ഷിതമായും ഉപയോഗിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകേണ്ടതാണ്.
- ദേഹശുദ്ധി വരുത്തുന്നതിനുള്ള മുറികൾക്ക് പുറത്ത് സാനിറ്റൈസറുകൾ ലഭ്യമാക്കേണ്ടതാണ്. ദേഹശുദ്ധി വരുത്തുന്നതിനുള്ള മുറികളിൽ നിന്ന് പുറത്ത് വരുന്നവർ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
- ശുചീകരണ പ്രവർത്തകരുടെ ലഭ്യത മുഴുവൻ സമയവും ഉറപ്പ് വരുത്തേണ്ടതാണ്.
- പള്ളികളിലെ ഇമാം, മറ്റു ജീവനക്കാർ, ശുചീകരണ പ്രവർത്തകർ തുടങ്ങിയവർ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണം. ഇവർ ഓരോ 14 ദിവസം തോറും PCR ടെസ്റ്റ് നടത്തി അതിന്റെ റിസൾട്ട് അൽ ഹൊസൻ ആപ്പിൽ ഉൾപ്പെടുത്തേണ്ടതാണ്.
- പള്ളികളിലെത്തുന്നവർ തമ്മിൽ 1.5 മീറ്റർ സാമൂഹിക അകലം ഉറപ്പ് വരുത്തേണ്ടതാണ്.
- പ്രാർത്ഥനകൾക്ക് ശേഷം പള്ളികൾ അടച്ചിടുന്നതാണ്. പ്രാർത്ഥനകൾക്ക് ശേഷം പൊതുജനങ്ങൾക്ക് പള്ളികളിൽ തുടരാൻ അനുമതിയില്ല.
പള്ളികളിൽ ഇത്തരം നടപടിക്രമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നതിനായി പ്രത്യേക നിരീക്ഷണങ്ങളും, പരിശോധനകളും ഏർപ്പെടുത്തുന്നതാണ്.