രാജ്യത്തെ COVID-19 പ്രതിരോധ നിയമങ്ങളുമായി ബന്ധപ്പെട്ട പിഴകൾ, ശിക്ഷകൾ എന്നിവ സംബന്ധിച്ച പുതുക്കിയ പട്ടിക യു എ ഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി പുറത്തിറക്കി. COVID-19 വ്യാപനം തടയുന്നത് ലക്ഷ്യമിട്ടുള്ള 2020/ 38 എന്ന ഉത്തരവിന് കീഴിലുള്ള പിഴകളുടെയും, ശിക്ഷകളുടെയും പട്ടികയാണ് ഇപ്രകാരം പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 21-ന് വൈകീട്ടാണ് യു എ ഇ അറ്റോർണി ജനറൽ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ പുതുക്കിയ പട്ടിക പ്രകാരം, വീടുകളിലും, മറ്റ് ക്വാറന്റൈൻ കേന്ദ്രങ്ങളിലും ഉണ്ടാകുന്ന ക്വാറന്റീൻ നിയമലംഘനങ്ങൾ, മറ്റു പ്രതിരോധ നിർദ്ദേശങ്ങളിൽ ഉണ്ടാകുന്ന വഞ്ചന, ഒഴിഞ്ഞുമാറൽ തുടങ്ങിയ കുറ്റങ്ങൾ എന്നിവയ്ക്കുള്ള ശിക്ഷാ നടപടികൾ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന് പുറമെ ബന്ധപ്പെട്ട അധികാരികൾ നിർണ്ണയിച്ച മുൻകരുതൽ നടപടികളിൽ സ്ഥാപനങ്ങളും കമ്പനികളും മറ്റും വരുത്തുന്ന വീഴ്ച്ചകൾ, ജുഡീഷ്യൽ ഉത്തരവുകളുടെ ലംഘനം, ചെക്ക് പോയിന്റുകളിൽ വരുത്തുന്ന വീഴ്ച്ചകൾ എന്നിവ സംബന്ധിച്ചുള്ള ശിക്ഷാ നടപടികളും ഈ അറിയിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യാജ വാർത്തകൾ, വിവരങ്ങൾ അല്ലെങ്കിൽ കൊറോണ വൈറസുമായി ബന്ധപ്പെട്ട കിംവദന്തികൾ പ്രചരിപ്പിക്കുന്നതിനും വാണിജ്യ ആവശ്യങ്ങൾക്കായുള്ള വാഹനങ്ങൾ ഉപയോഗിച്ച് താൽക്കാലിക പ്രവേശന നിയമങ്ങൾ ലംഘിക്കുന്നതിനുമുള്ള ശിക്ഷകളും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ പട്ടിക പ്രകാരം, ഹോം ക്വാറന്റീൻ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തുന്നവർക്കും, ക്വാറന്റീൻ മറികടക്കുന്നവർക്കും 50000 ദിർഹം വരെ പിഴ ചുമത്തുന്നതാണ്. ക്വാറന്റീനിൽ ഉള്ളവർ തങ്ങളുടെ കൈകളിൽ ധരിക്കുന്ന ട്രാക്കിങ്ങ് ഉപകരണം നഷ്ടപ്പെടുത്തുകയോ, കേടുവരുത്തുകയോ ചെയ്യുകയാണെങ്കിൽ 10000 ദിർഹം പിഴ ചുമത്തുന്നതാണ്. ആശുപത്രി ചികിത്സ സംബന്ധിച്ച നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് 50000 ദിർഹം വരെ പിഴ ചുമത്തുന്നതാണ്. ഈ അറിയിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ https://bit.ly/3CVhwwZ എന്ന വിലാസത്തിൽ യു എ ഇ അറ്റോർണി ജനറൽ ലഭ്യമാക്കിയിട്ടുണ്ട്.
രാജ്യത്തെ പൗരന്മാരോടും താമസക്കാരോടും നിയമം പാലിക്കാനും, അവരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താനും ബന്ധപ്പെട്ട അധികാരികൾ നൽകുന്ന COVID-19 മുൻകരുതൽ നടപടികളും തീരുമാനങ്ങളും പാലിക്കണമെന്നും അറ്റോർണി ജനറൽ ഓഫീസ് ആവശ്യപ്പെട്ടു.