ഉംറ വിസകളിൽ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ അനുമതിയില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. 2024 മെയ് 18-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് ആവർത്തിച്ചത്.
ഉംറ വിസകളിലുള്ളവർ വിസ കാലാവധി അവസാനിക്കുന്നതിന് മുൻപായി മക്കയിൽ നിന്ന് പുറത്ത് കടക്കണമെന്നും, സൗദി അറേബ്യയിൽ നിന്ന് തിരികെ മടങ്ങണമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിന് പ്രത്യേക ഹജ്ജ് പെർമിറ്റ് നിർബന്ധമാണ്. ഇത്തരം പെർമിറ്റ് കൂടാതെ ഹജ്ജിന് ശ്രമിക്കുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടി വരുന്നതാണ്.
പ്രത്യേക പെർമിറ്റുകളില്ലാത്ത വ്യക്തികൾക്ക് ഹജ്ജ് തീർത്ഥാടനം അനുഷ്ഠിക്കുന്നതിന് ഒരു കാരണവശാലും അനുമതി നൽകില്ലെന്ന് മക്ക ഡെപ്യൂട്ടി എമിറും, സെൻട്രൽ ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാനുമായ പ്രിൻസ് സൗദ് ബിൻ മിഷാൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രത്യേക പെർമിറ്റ് കൂടാതെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ശ്രമിക്കുന്നവർക്കും, മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവർക്കും 10000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.