സമൂഹത്തിലെ ചിലരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഗുരുതരമായ വീഴ്ചകളും, ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റങ്ങളും രാജ്യത്തെ രോഗവ്യാപനം വർദ്ധിപ്പിക്കാൻ ഇടയാക്കിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഒമാൻ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ, സുപ്രീം കമ്മിറ്റി അംഗവും, ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറിയുമായ മുഹമ്മദ് ബിൻ സൈഫ് അൽ ഹോസ്‌നിയാണ് ഇക്കാര്യം സൂചിപ്പിച്ചത്.
കേവലം 3 ആഴ്ചകൾക്കിടയിൽ, രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 25000-ത്തിൽ നിന്ന് 47000-ത്തിലേക്ക് വർദ്ധിക്കാനിടയാക്കിയ സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്ന് അദ്ദേഹം അറിയിച്ചു. 104 പേർക്കാണ് ഈ കാലയളവിൽ COVID-19 ബാധയെത്തുടർന്ന് ജീവൻ നഷ്ടമായത്.
നിരന്തരമായുള്ള ബോധവത്കരണങ്ങൾക്ക് ശേഷവും കുടുംബങ്ങൾക്കിടയിൽ പോലും ആരോഗ്യ നിർദ്ദേശങ്ങളിലെ വീഴ്ചകൾ തുടരുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “പൊതു ഇടങ്ങൾ, വീടുകൾ, എന്തിനു കാറുകളിൽ പോലും ഇത്തരത്തിൽ ആളുകൾ ഒത്തുചേരുന്നത് തുടരുകയാണ്. സുരക്ഷിതമായ അകലം തമ്മിൽ പാലിക്കുന്നതും, ആരോഗ്യ നിർദ്ദേശങ്ങൾ അനുസരിക്കുന്നതും, അനാവശ്യ ഒത്തുചേരലുകൾ ഒഴിവാക്കുന്നതും മാത്രമാണ് ഇപ്പോൾ വൈറസ് ബാധിക്കുന്നത് തടയാൻ നമ്മുടെ മുന്നിലുള്ള ഏക പോംവഴി.”, ചെറുപ്പക്കാർക്കിടയിലും, കുടുംബങ്ങൾക്കിടയിലും ഒത്തുചേരലുകൾ ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ, അദ്ദേഹം ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് അറിയിച്ചു.