ജി സി സി രാജ്യങ്ങൾക്കിടയിൽ സഞ്ചരിക്കാനുതകുന്ന ഏകീകൃത ടൂറിസ്റ്റ് വിസ അടുത്ത 2 വർഷത്തിനിടയിൽ അവതരിപ്പിക്കുമെന്ന് യു എ ഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി അറിയിച്ചു. കഴിഞ്ഞ ദിവസം എമിറേറ്റ്സ് ന്യൂസ് ഏജൻസിയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (GCC) അംഗങ്ങളായ ആറ് രാജ്യങ്ങൾക്കിടയിൽ യാത്രകൾ അനുവദിക്കുന്നതിനുള്ള ഇത്തരം ഒരു വിസ 2024-നും, 2025-നും ഇടയിൽ നടപ്പിലാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വരാനിരിക്കുന്ന ജി സി സി ഉച്ചകോടിയിൽ ഇത് അവതരിപ്പിക്കാൻ ഒമാനിൽ വെച്ച് നടന്ന ജി സി സി ടൂറിസം മന്ത്രിമാരുടെ യോഗത്തിൽ ഏകകണ്ഠമായി തീരുമാനിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ഓരോ ജിസിസി രാജ്യത്തിന്റെയും ആഭ്യന്തര സംവിധാനങ്ങളുടെ സന്നദ്ധതയ്ക്ക് വിധേയമായി, ഈ വിസയുമായി ബന്ധപ്പെട്ട പ്രത്യേക നിയന്ത്രണങ്ങളും നിയമനിർമ്മാണങ്ങളും 2024 നും 2025 നും ഇടയിൽ വികസിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ഒരു ഏകീകൃത ടൂറിസ്റ്റ് വിസ സന്ദർശകർക്ക് ഒരേ വിസ ഉപയോഗിച്ച് കൊണ്ട് ആറ് രാജ്യങ്ങളിലേക്ക് പ്രവേശനം നൽകുമെന്നും, ഇത് കൂടുതൽ സന്ദർശകരെ മേഖലയിലേക്ക് ആകർഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ആത്യന്തികമായി ഗൾഫ് മേഖലയിലുടനീളം സാമ്പത്തിക സമന്വയം വളർത്തിയെടുക്കുന്നതിന് ഈ വിസ കാരണമാകുമെന്നും അൽ മാരി അഭിപ്രായപ്പെട്ടു. ഏകീകൃത വിസ നിലവിൽ വരുന്നതോടെ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ പുതിയ പ്രവാഹത്തെ സ്വാഗതം ചെയ്യാൻ യു എ ഇ ഒരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇതിന്റെ ഭാഗമായി എമിറേറ്റ്‌സ് ടൂറിസം കൗൺസിൽ യു എ ഇയുടെ ഏഴ് എമിറേറ്റുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു ടൂറിസ്റ്റ് റൂട്ട് രൂപപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. “ജിസിസി 2030 ടൂറിസം തന്ത്രത്തിന്റെ അവിഭാജ്യ ഘടകമാണ് ഈ സംരംഭം; വർദ്ധിച്ച അന്തർ-ജിസിസി യാത്രയിലൂടെയും ഉയർന്ന ഹോട്ടൽ താമസ നിരക്കിലൂടെയും ജിഡിപിയിലേക്ക് ടൂറിസം മേഖലയുടെ സംഭാവന ഉയർത്താൻ ഇത് കാരണമാകും.,” അദ്ദേഹം കൂട്ടിച്ചേർത്തു.
യു എ ഇയുടെ ജിഡിപിയിൽ വിനോദസഞ്ചാര മേഖലയുടെ നിലവിലെ സംഭാവന 14 ശതമാനമാണ്. രാജ്യത്തിന്റെ തന്ത്രപ്രധാനമായ ടൂറിസം ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി ഈ കണക്ക് 18 ശതമാനമായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.
ഏകീകൃത ജി സി സി ടൂറിസ്റ്റ് വിസ സംബന്ധിച്ച് ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (ജി സി സി) ടൂറിസം അധികൃതർ നേരത്തെ ഒമാനിൽ വെച്ച് ചർച്ച നടത്തിയിരുന്നു.
WAM