ജി സി സി രാജ്യങ്ങൾക്കിടയിൽ സഞ്ചരിക്കാനവസരം നൽകുന്നതിനായി നടപ്പിലാക്കാനുദ്ദേശിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ‘ജി സി സി ഗ്രാൻഡ് ടൂർസ്’ വിസ എന്ന പേരിലായിരിക്കും അറിയപ്പെടുക എന്ന് സൂചന.
കഴിഞ്ഞ ദിവസം ആരംഭിച്ച മുപ്പത്തൊന്നാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് പ്രദർശനത്തിന്റെ ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി സംസാരിക്കുന്നതിനിടയിൽ യു എ ഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരിയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഏകീകൃത ജി സി സി ടൂറിസ്റ്റ് വിസ മേഖലയിലൂടെയുള്ള യാത്രകൾ കൂടുതൽ സുഗമവും, ചെലവ് കുറഞ്ഞതുമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വിസ ഉപയോഗിച്ച് കൊണ്ട് യാത്രികർക്ക് എല്ലാ ജി സി സി രാജ്യങ്ങളും സന്ദർശിക്കാനാകുമെന്നും, മുപ്പത് ദിവസം വരെ മേഖലയിൽ ചെലവഴിക്കാനാകുമെന്നും അദ്ദേഹം അറിയിച്ചു. ഈ വിസ സംവിധാനം ഈ വർഷം അവസാനത്തോടെ പ്രാബല്യത്തിൽ വന്നേക്കുമെന്ന സൂചനകളും അറേബ്യൻ ട്രാവൽ മാർക്കറ്റ് പ്രദർശനത്തിൽ പങ്കെടുത്ത അധികൃതർ നൽകിയിട്ടുണ്ട്.
ഏകീകൃത ജി സി സി ടൂറിസ്റ്റ് വിസയ്ക്ക് ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (GCC) അംഗരാജ്യങ്ങൾ കഴിഞ്ഞ നവംബറിൽ ഐകകണ്‌ഠ്യേന അംഗീകാരം നൽകിയിരുന്നു.
Cover Image: WAM.