സംസ്ഥാനത്ത് സർവകലാശാല പരീക്ഷകൾ ജൂൺ ആദ്യവാരം

Kerala News

ഹയർ സെക്കണ്ടറി, എസ്.എസ്.എൽ.സി പരീക്ഷകൾക്ക് ശേഷം ജൂൺ ആദ്യവാരം സർവകലാശാലാപരീക്ഷകൾ നടത്താൻ ധാരണയായി. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും പരീക്ഷകൾ നടത്തുക. അവസാനവർഷ പരീക്ഷകൾക്ക് മുൻഗണന നൽകും.

ഓരോ സർവകലാശാലയും സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്തായിരിക്കും പരീക്ഷാതീയതികൾ തീരുമാനിക്കുക. വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ പരീക്ഷാകേന്ദ്രങ്ങൾ തെരഞ്ഞെടുക്കാൻ അവസരമുണ്ടാവും. സർവകലാശാലയുടെ പരിധിക്ക് പുറത്തുള്ള ജില്ലകളിലെ വിദ്യാർത്ഥികൾക്ക് അതത് ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കും. അടുത്ത അദ്ധ്യയനവർഷം ക്ലാസുകൾ ജൂൺമാസത്തിൽത്തന്നെ ഓൺലൈനായി ആരംഭിക്കാനും തീരുമാനിച്ചു.

ഓൺലൈൻ രീതിയിൽ ക്ലാസിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ ഹാജർ, അദ്ധ്യാപകരുടെ ക്ലാസ് ഷെഡ്യൂളുകൾ എന്നിവ പ്രിൻസിപ്പൽമാർ സൂക്ഷിക്കേണ്ടതും സർവ്വകലാശാലകൾ ഇത് പരിശോധിക്കുകയും ചെയ്യും. സിലബസിന്റെ ഓരോ ഭാഗങ്ങളുടെയും വീഡിയോ/ഓഡിയോ അതാത് അധ്യാപകർ കോളേജിന്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം. സർവകലാശാലകൾ കമ്മ്യൂണിറ്റി റേഡിയോ ചാനലുകൾ ആരംഭിക്കാനുള്ള സാദ്ധ്യതകൾ പരിശോധിക്കും. ചോദ്യപേപ്പർ ഓൺലൈനിൽ ലഭ്യമാക്കും. ചോദ്യബാങ്ക് സമ്പ്രദായം നടപ്പിലാക്കും.

കോവിഡ് പശ്ചാത്തലത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ ഉപരിപഠനത്തിന് ചേരുന്നതിനുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ബിരുദ-ബിരുദാനന്തര കോഴ്‌സുകളിൽ സീറ്റുകളുടെ എണ്ണം പരമാവധി വർദ്ധിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. സർവകലാശാലകൾ ഇതിനാവശ്യമായ നടപടി കൈക്കൊള്ളണം. ഗവേഷണ വിദ്യാർഥികളുടെ ഓപ്പൺ ഡിഫെൻസ് വീഡിയോ കോൺഫെറൻസിങ് മുഖേന നടത്താനുള്ള നടപടി സ്വീകരിക്കാനും തീരുമാനമായി.