ഗാൺ അൽ സബ്‌ക – ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷൻ നവീകരണത്തിന്റെ ഭാഗമായി ദുബായിൽ രണ്ട് പുതിയ പാലങ്ങൾ തുറന്ന് കൊടുത്തു. 2024 സെപ്റ്റംബർ 15-നാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ഇക്കാര്യം അറിയിച്ചത്.
ദുബായിലെ പ്രധാനപ്പെട്ട രണ്ട് റോഡുകളിലെ തിരക്കേറിയ സമയങ്ങളിലെ യാത്രാസമയം എഴുപത് ശതമാനം വരെ കുറയ്ക്കുന്നതിന് ഈ രണ്ട് പുതിയ പാലങ്ങൾ കാരണമാകുമെന്ന് RTA ചൂണ്ടിക്കാട്ടി.
ഇതിൽ ഗാൺ അൽ സബ്‌ക സ്ട്രീറ്റിൽ നിന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കും, അൽ ഖുസൈസിൽ നിന്ന് ദെയ്‌റയിലേക്കുമുള്ള ട്രാഫിക് സുഗമമാക്കുന്നതിനുള്ള പാലം 601 മീറ്റർ നീളമുള്ളതാണ്. ഈ 2 വരി പാലത്തിലൂടെ മണിക്കൂറിൽ 3200 വാഹനങ്ങൾക്ക് സഞ്ചരിക്കാനാകുന്നതാണ്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് അൽ യാലയിസ് സ്ട്രീറ്റ്, ജബൽ അലി പോർട്ട് എന്നിവിടങ്ങളിലേക്കുള്ള പാലം 664 മീറ്റർ നീളമുള്ളതാണ്. ഈ 2 വരി പാലത്തിലൂടെയും മണിക്കൂറിൽ 3200 വാഹനങ്ങൾക്ക് സഞ്ചരിക്കാനാകുന്നതാണ്.
ഗാൺ അൽ സബ്‌ക – ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷൻ നവീകരണ പദ്ധതിയുടെ ഭാഗമായി നാല് മേൽപ്പാലങ്ങളാണ് RTA നിർമ്മിക്കുന്നത്. ഇതിലെ ആദ്യ പാലം 2024 ജൂൺ മാസത്തിൽ തുറന്ന് കൊടുത്തിരുന്നു.
നാലാമത്തെ പാലത്തിന്റെ നിർമ്മാണം ഒക്ടോബർ മാസത്തിൽ പൂർത്തിയാക്കുമെന്ന് RTA സൂചിപ്പിച്ചിട്ടുണ്ട്.
Cover Image: Dubai RTA.