സൗദി: ഈ വർഷത്തെ റമദാനിൽ ഉംറ അനുഷ്ഠിക്കാനെത്തുന്ന തീർത്ഥാടകർക്ക് COVID-19 വാക്സിൻ നിർബന്ധമല്ലെന്ന് മന്ത്രാലയം

Saudi Arabia

ഈ വർഷത്തെ റമദാൻ വേളയിൽ ഉംറ അനുഷ്ഠിക്കുന്നതിനായെത്തുന്ന തീർത്ഥാടകർക്ക് COVID-19 വാക്സിൻ നിർബന്ധമാക്കിയിട്ടില്ലെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹജ്ജ് ഉംറ മന്ത്രാലയത്തിന് കീഴിലുള്ള കസ്റ്റമർ സർവീസ് വിഭാഗം ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

സമൂഹ മാധ്യമങ്ങളിലൂടെയുള്ള വാക്സിനേഷൻ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുന്നതിനിടയിലാണ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ഇത്തരത്തിലുള്ള വ്യക്തത നൽകിയിരിക്കുന്നത്. 2021-ലെ റമദാനിൽ ഉംറ അനുഷ്ഠിക്കുന്ന തീർത്ഥാടകർക്ക് ഉംറ പെർമിറ്റ് ലഭിക്കുന്നതിനായി വാക്സിൻ കുത്തിവെപ്പെടുത്തിരിക്കണമെന്ന നിബന്ധന ഏർപ്പെടുത്തിയിട്ടില്ല എന്നാണ് ഹജ്ജ് ഉംറ മന്ത്രാലയത്തിന് കീഴിലുള്ള കസ്റ്റമർ സർവീസ് വിഭാഗം പ്രതികരിച്ചത്.

ഉംറ തീർത്ഥാടകർക്ക് വാക്സിൻ നിർബന്ധമാക്കിയിട്ടില്ലെങ്കിലും, ഉംറ മേഖലയിലെ മുഴുവൻ ആരോഗ്യ പ്രവർത്തകരോടും, ഉംറ സേവനങ്ങൾ നൽകുന്ന ജീവനക്കാരോടും ഏപ്രിൽ 12-ന് മുൻപായി വാക്സിൻ കുത്തിവെപ്പ് പൂർത്തിയാക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സിൻ കുത്തിവെപ്പ് എടുക്കാത്ത ഇത്തരം ജീവനക്കാർക്ക് അവരവരുടെ സ്ഥാപനങ്ങളുടെ ചെലവിൽ ഓരോ 7 ദിവസം തോറും PCR ടെസ്റ്റ് നടത്തേണ്ടതാണെന്നും മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.