ദുബായ്: വേരിയബിൾ സാലിക് നയം ജനുവരി 31 മുതൽ പ്രാബല്യത്തിൽ വരും

GCC News

ടോൾ നിരക്കുകളിൽ സമയബന്ധിതമായി മാറ്റം വരുത്തുന്ന വേരിയബിൾ സാലിക് നയം ഇന്ന് (2025 ജനുവരി 31, വെള്ളിയാഴ്ച) മുതൽ ദുബായിൽ പ്രാബല്യത്തിൽ വരുന്നതാണ്. ദുബായിലെ എല്ലാ സാലിക് ഗേറ്റുകളിലും ടോൾ നിരക്കുകളിലെ ഈ മാറ്റം ബാധകമാകുന്നതാണ്.

നഗരത്തിലെ ട്രാഫിക് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വേരിയബിൾ റോഡ് ടോൾ പ്രൈസിങ് (സാലിക്) നയം 2025 ജനുവരി അവസാനം മുതൽ നടപ്പാക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) നേരത്തെ അറിയിച്ചിരുന്നു.

2025 ജനുവരി 31 മുതൽ താഴെ പറയുന്ന പ്രകാരമാണ് വേരിയബിൾ റോഡ് ടോൾ പ്രൈസിങ് (സാലിക്) നടപ്പിലാക്കുന്നത്:

  • പുലർച്ചെ 1:00 മുതൽ രാവിലെ 6:00 വരെ (ആഴ്ചയിൽ എല്ലാ ദിവസവും) – വാഹനങ്ങൾക്ക് ടോൾ സൗജന്യം.
  • പ്രവൃത്തിദിവസങ്ങളിൽ, രാവിലെ തിരക്കേറിയ സമയത്തും (രാവിലെ 6:00 മുതൽ 10:00 വരെ) വൈകുന്നേരത്തെ തിരക്കേറിയ സമയത്തും (വൈകിട്ട് 4:00 മുതൽ രാത്രി 8:00 വരെ) ടോൾ 6 ദിർഹം ആയിരിക്കും.
  • തിരക്കില്ലാത്ത സമയങ്ങളിൽ (രാവിലെ 10:00 മുതൽ വൈകീട്ട് 4:00 വരെ, രാത്രി 8:00 മുതൽ പുലർച്ചെ 1:00 വരെ) ടോൾ 4 ദിർഹം ആയിരിക്കും.
  • ഞായറാഴ്ചകളിൽ (പൊതു അവധി ദിവസങ്ങൾ, പ്രത്യേക അവസരങ്ങൾ അല്ലെങ്കിൽ പ്രധാന ഇവൻ്റുകൾ ഒഴികെ) ദിവസം മുഴുവൻ ടോൾ 4 ദിർഹമായിരിക്കും.

റമദാൻ മാസത്തിൽ മാത്രം റോഡിലെ തിരക്കേറിയ യാത്രാ സമയങ്ങളിൽ വരുന്ന മാറ്റം കണക്കിലെടുത്ത് ഈ തീരുമാനം താഴെ പറയുന്ന രീതിയിലായിരിക്കും നടപ്പിലാക്കുന്നത്:

  • പ്രവൃത്തിദിവസങ്ങളിൽ, തിരക്കേറിയ സമയങ്ങളിൽ (രാവിലെ 9:00 മുതൽ വൈകീട്ട് 5:00 വരെ) ടോൾ 6 ദിർഹം ആയിരിക്കും.
  • തിരക്കില്ലാത്ത സമയങ്ങളിൽ (രാവിലെ 7:00 മുതൽ രാവിലെ 9:00 വരെ, വൈകീട്ട് 5:00 മുതൽ പുലർച്ചെ 2:00 വരെ) ടോൾ 4 ദിർഹം ആയിരിക്കും.
  • പുലർച്ചെ 2:00 മുതൽ രാവിലെ 7:00 വരെ ടോൾ സൗജന്യം.