വിസിറ്റ് വിസകളിലുള്ളവർക്ക് 2022 ജൂൺ 9 മുതൽ ഒരു മാസത്തേക്ക് ജിദ്ദ ഉൾപ്പടെ 4 വിമാനത്താവളങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് സൗദി അധികൃതർ വ്യക്തമാക്കി. സൗദിയ വിമാനക്കമ്പനി പുറത്തിറക്കിയ ഒരു വിജ്ഞാപനത്തെ അടിസ്ഥാനമാക്കി പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ജൂൺ 9 മുതൽ ജിദ്ദ, മദീന, യാമ്പു, തായിഫ് എന്നീ വിമാനത്താവളങ്ങളിലൂടെയാണ് വിസിറ്റ് വിസകളിലുള്ളവർക്ക് പ്രവേശനം നിരോധിക്കുന്നത്. ജൂൺ 9 മുതൽ ഹജ്ജ് സീസൺ അവസാനിക്കുന്ന ജൂലൈ 9 വരെ ഈ നിരോധനം തുടരുന്നതാണ്.
ഇതുമായി ബന്ധപ്പെട്ട് സൗദിയ ട്രാവൽ ഏജൻസികളെയും, ടൂറിസം സ്ഥാപനങ്ങളെയും ഇക്കാര്യം പ്രത്യേക അറിയിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. വിസിറ്റ് വിസകളിലുള്ളവർക്ക് (റൌണ്ട് ട്രിപ്പ് ടിക്കറ്റ് ഉണ്ടായിരിക്കണം) റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കാവുന്നതാണ്.
ജൂൺ 9 മുതൽ ഒരു മാസത്തേക്ക് ജിദ്ദ, മദീന, യാമ്പു, തായിഫ് എന്നീ വിമാനത്താവളങ്ങളുടെ പ്രവർത്തനം പൂർണ്ണമായും വിദേശത്ത് നിന്നും, സൗദിയിൽ നിന്നുമെത്തുന്ന ഹജ്ജ് പെർമിറ്റുള്ള യാത്രികർക്ക് മാത്രമായി പരിമിതപ്പെടുത്തുന്ന സാഹചര്യത്തിലാണ് വിസിറ്റ് വിസകളിലുള്ളവർക്ക് ഈ വിമാനത്താവളങ്ങളിലൂടെ പ്രവേശനം വിലക്കുന്നത്.