അബുദാബി: COVID-19 വാക്‌സിൻ പരീക്ഷണങ്ങൾക്കായി മറ്റു എമിറേറ്റിൽ നിന്നുള്ളവർക്കും അവസരം നൽകും

UAE

അബുദാബിയിൽ നടന്നുകൊണ്ടിരിക്കുന്ന COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഭാഗമാകാൻ, മറ്റു എമിറേറ്റുകളിൽ നിന്നുള്ളവർക്കും അവസരം നൽകുമെന്ന് അധികൃതർ അറിയിച്ചു. ഇതിനായുള്ള ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങൾ യു എ ഇ ആരോഗ്യ മന്ത്രാലയവും, അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്തും (DoH) ചേർന്ന് ആരംഭിച്ചതായി ജൂലൈ 19-നു രാവിലെ അബുദാബി മീഡിയ ഓഫീസ് വ്യക്തമാക്കി.

നിലവിൽ അബുദാബിയിലോ, അൽ ഐനിലോ താമസിക്കുന്ന പൗരന്മാർക്കും, നിവാസികൾക്കും മാത്രമാണ് ഈ വാക്സിൻ പരീക്ഷണങ്ങളിൽ സന്നദ്ധസേവകരായി പങ്കെടുക്കാൻ അനുവാദം നൽകിയിട്ടുള്ളത്. ഈ പുതിയ നിർദ്ദേശം നടപ്പിലാകുന്നതോടെ യു എ ഇയിലെ എല്ലാ എമിറേറ്റുകളിൽ നിന്നുമുള്ള 18-നും 60-നും ഇടയിൽ പ്രായമുള്ള ഏതു രാജ്യക്കാർക്കും ഇതിൽ പങ്കെടുക്കാൻ സാധിക്കും. ഓരോ എമിറേറ്റിലും സന്നദ്ധസേവകർക്ക് വാക്സിൻ നൽകുന്ന കേന്ദ്രങ്ങൾ ഉൾപ്പടെയുള്ള കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുന്നതാണെന്നും DoH വ്യക്തമാക്കിയിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെ പട്ടികയില്‍ പേരു ചേര്‍ത്തിട്ടുള്ള, സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് (CNBG) തയ്യാറാക്കുന്ന നിർജ്ജീവമാക്കിയ COVID-19 വാക്‌സിന്റെ (inactivated COVID-19 vaccine) മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ അബുദാബിയിൽ രണ്ട് ദിവസങ്ങൾക്ക് മുൻപ് ആരംഭിച്ചിരുന്നു. അൽ ഐനിലോ, അബുദാബിയിലോ താമസിക്കുന്നവർക്ക്, വാക്സിൻ പരീക്ഷണങ്ങളുടെ ഭാഗമാകുന്നതിനുള്ള രജിസ്‌ട്രേഷൻ 4humanity.ae എന്ന വിലാസത്തിൽ ജൂലൈ 16 മുതൽ ആരംഭിച്ചിട്ടുണ്ട്. ഈ സംവിധാനത്തിലൂടെ 24 മണിക്കൂറിനുള്ളിൽ 5000 സന്നദ്ധസേവകർ രജിസ്റ്റർ ചെയ്തതായി DoH കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവരും, മുൻപ് COVID-19 രോഗബാധയേൽക്കാത്തവരും, പൂർണ്ണമായി ആരോഗ്യവാന്‍മാരുമായവരിലാണ് പരീക്ഷണങ്ങൾ നടത്തുന്നത്. സന്നദ്ധ അറിയിക്കുന്നവരെ വിശദമായ ആരോഗ്യ പരിശോധനകൾക്ക് ശേഷമായിരിക്കും വാക്സിൻ പരീക്ഷണങ്ങൾക്ക് തിരഞ്ഞെടുക്കുക.