യു എ ഇയുടെ അമ്പതാമത് ദേശീയ ദിനാഘോഷം: പ്രത്യേക ഡോക്യുമെന്ററിയുമായി എമിറേറ്റ്സ് ന്യൂസ് ഏജൻസി

featured UAE

രാജ്യത്തിന്റെ അമ്പതാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് എമിറേറ്റ്സ് ന്യൂസ് ഏജൻസി ‘1971’ എന്ന പേരിൽ ഒരു പ്രത്യേക ഡോക്യുമെന്ററി അവതരിപ്പിച്ചു. 13 മിനിറ്റ് ദൈർഘ്യമുള്ള ഈ ഡോക്യുമെന്ററി യു എ ഇ സ്ഥാപക പിതാവായ പരേതനായ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ അടിത്തറയിട്ട ഈ രാജ്യത്തിന്റെ അമ്പത് വർഷത്തെ യാത്രയെക്കുറിച്ച് അടയാളപ്പെടുത്തുന്നു.

അമ്പത് വർഷത്തിനിടയിൽ വിവിധ മേഖലകളിൽ യു എ ഇ കരസ്ഥമാക്കിയ നേട്ടങ്ങളാൽ സമ്പന്നമായ രാജ്യത്തിന്റെ വികസന അനുഭവം ഈ ഡോക്യുമെന്ററി അവതരിപ്പിക്കുന്നു. മുന്നോട്ടുള്ള വീക്ഷണത്തിലും, മനുഷ്യ മൂലധനത്തിലെ നിക്ഷേപത്തിലും, എമിറേറ്റ്‌സിലെ ജനങ്ങളെ ശാക്തീകരിക്കുന്നതിലും അധിഷ്‌ഠിതമായി യു എ ഇയുടെ നേതൃത്വം എല്ലാ കാലത്തും കൈകൊണ്ടിട്ടുള്ള അതുല്യമായ ദേശീയ സമീപനത്തെ ഇത് പ്രത്യേകം എടുത്ത് കാട്ടുന്നു.

50 വർഷം മുമ്പ് മരുഭൂമിയിൽ ആരംഭിച്ച് വിവിധ മേഖലകളിലെ ആഗോള നേതൃത്വത്തിന്റെ പാതയിലേക്ക് നിശ്ചയദാർഢ്യത്തോടെയും അഭിലാഷത്തോടെയും മുന്നേറിയ യൂണിയന്റെ യാത്ര ഉയർത്തിക്കാട്ടുന്നതിനായി എമിറേറ്റ്സ് ന്യൂസ് ഏജൻസി നിർമ്മിച്ച ആദ്യത്തെ ഡോക്യുമെന്ററി ചിത്രമാണ് ‘1971’ എന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഡയറക്ടർ ജനറൽ മുഹമ്മദ് ജലാൽ അൽ റയ്‌സി വ്യക്തമാക്കി. ഈ ഡോക്യുമെന്ററി ഇംഗ്ലീഷ്, ഫ്രഞ്ച്, ചൈനീസ്, റഷ്യൻ, പോർച്ചുഗീസ്, സ്പാനിഷ്, ടർക്കിഷ്, ഉക്രേനിയൻ എന്നിങ്ങനെ എട്ട് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ടെന്നും, ഗോൾഡൻ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് വിവിധ ദേശീയ മാധ്യമങ്ങളിൽ ഇത് പ്രദർശിപ്പിക്കുമെന്നും അൽ റയ്സി കൂട്ടിച്ചേർത്തു.

നിരവധി അറബ്, അന്തർദേശീയ മാധ്യമങ്ങളുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി ചൈന, സ്പെയിൻ, സ്വീഡൻ, ഈജിപ്ത്, തുർക്കി, ദക്ഷിണ അമേരിക്കൻ രാജ്യങ്ങൾ തുടങ്ങി നിരവധി രാജ്യങ്ങളിൽ ഡോക്യുമെന്ററി അവതരിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. “രാജ്യത്തിന്റെ നേട്ടങ്ങളും എമിറാറ്റി വ്യക്തിത്വത്തിന്റെ സവിശേഷതകളും രാജ്യത്തിന്റെ അഭിവൃദ്ധിക്കുവേണ്ടിയുള്ള പരിശ്രമം മുന്നോട്ടുകൊണ്ടുപോകുന്നതിന് അത് എത്രത്തോളം അനിവാര്യമായിരുന്നുവെന്നും ചിത്രം എടുത്തുകാണിക്കുന്നു,” അദ്ദേഹം പറഞ്ഞു.

https://www.youtube.com/watch?v=PVLLianMTBU എന്ന വിലാസത്തിൽ നിന്ന് ഈ ഡോക്യുമെന്ററി ലഭ്യമാണ്.

WAM