യു എ ഇ: 2022-ലെ അവസാന ഉൽക്കമഴ; ഡിസംബർ 14-ന് അൽ ഖുദ്രയിൽ ജെമിനിഡ്സ് ഉൽക്കവർഷത്തിന് സാക്ഷിയാകാം

featured UAE

2022-ലെ അവസാന ഉൽക്കമഴയായ ജെമിനിഡ്സ് ഉൽക്കവർഷത്തിലെ ഏറ്റവും പ്രകാശപൂരിതമായ മുഹൂർത്തങ്ങൾ 2022 ഡിസംബർ 14-ന് രാത്രി ദൃശ്യമാകും. ജ്യോതിശാസ്ത്ര കുതുകികൾക്കും, വാനനിരീക്ഷകർക്കും ഡിസംബർ 14-ന് രാത്രി മുതൽ ഡിസംബർ 15-ന് പുലർച്ച വരെ ദുബായിലെ അൽ ഖുദ്ര ഡെസേർട്സിൽ ജെമിനിഡ്സ് ഉൽക്കവർഷത്തിന് സാക്ഷിയാകാൻ അവസരം ലഭിക്കുമെന്ന് ദുബായ് അസ്‌ട്രോണോമി ഗ്രൂപ്പ് അറിയിച്ചു.

ഈ വർഷത്തെ ജെമിനിഡ്സ് ഉൽക്കവർഷത്തോടനുബന്ധിച്ച് ദുബായ് അസ്‌ട്രോണോമി ഗ്രൂപ്പ് അൽ ഖുദ്ര ഡെസേർട്സിൽ സംഘടിപ്പിക്കുന്ന നിരീക്ഷണ പരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് http://althurayaastronomycenter.ae/geminids-meteor-shower-2022/ എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഡിസംബർ 14-ന് രാത്രി 8 മണി മുതൽ ഡിസംബർ രാത്രി 12 മണിവരെയാണ് ഈ നിരീക്ഷണ പരിപാടി സംഘടിപ്പിക്കുന്നത്.

ജെമിനിഡ്സ് ഉൽക്കവർഷത്തിന്റെ ഭാഗമായി ഡിസംബർ 14-ന് ഒരു മണിക്കൂറിനിടയിൽ 150-തോളം ഉൽക്കകളാണ് ദൃശ്യമാകുക. 3200 ഫേത്തോൺ എന്ന ഛിന്നഗ്രഹം മൂലം അന്തരീക്ഷത്തിലുണ്ടാകുന്ന ജെമിനിഡ്സ് ഉൽക്കമഴ, എല്ലാ വർഷവും ഡിസംബർ ആദ്യം മുതലാണ് ആരംഭിക്കുന്നത്. എന്നാൽ ഇത് എല്ലാ വർഷവും ഡിസംബർ പകുതിയോടെയാണ് അതിന്റെ ഏറ്റവും തെളിമയോടെ വീക്ഷിക്കാവുന്ന പാരമ്യത്തിൽ എത്തുന്നത്.

ഏതാനം മണിക്കൂറുകൾ മാത്രം നീണ്ടു നിൽക്കുന്ന ക്വാഡ്രാന്റിട്സ് (Quadrantids) ഉൽക്കവർഷം പോലെ ജെമിനിഡ്സ് ഉൽക്കമഴയും ധൂമകേതു മൂലമുണ്ടാകുന്ന ഉൽക്കമഴയല്ലെന്ന പ്രത്യേകതയുണ്ട്. അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും ജെമിനിഡ്സ് ഉൽക്കമഴ ദൃശ്യമാകുന്നതാണ്.

Cover Image: WAM.