അറുപത് വയസ്സിനു മുകളിൽ പ്രായമുള്ളവർ അത്യാവശ്യങ്ങൾക്കല്ലാതെയുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടന

International News

നിലവിലെ സാഹചര്യത്തിൽ, അറുപത് വയസ്സിനു മുകളിൽ പ്രായമുള്ളവർ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനോ, മറ്റൊരു അവസരത്തിലേക്ക് നീട്ടിവെക്കാനോ ശ്രമിക്കണമെന്ന് ലോകാരോഗ്യ സംഘടന (WHO) നിർദ്ദേശിച്ചു. COVID-19 രോഗബാധയേൽക്കുന്നതിനും, അതിലൂടെയുള്ള മരണങ്ങൾക്കുമുള്ള സാധ്യതകൾ പ്രായമായ യാത്രികരിൽ വളരെ കൂടുതലാണെന്നും, ഇതിനാലാണ് തീർത്തും ഒഴിവാക്കാനാകാത്ത സഹചാര്യങ്ങളിലുള്ള യാത്രകൾ മാത്രം നടത്താൻ നിർദ്ദേശിക്കുന്നതെന്ന് WHO കൂട്ടിച്ചേർത്തു.

ഒഴിവാക്കാനാകാത്ത യാത്രകൾ വേണ്ടിവരുന്ന പ്രായമായവരോടും, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരോടുമായി WHO നിർദ്ദേശിച്ചിട്ടുള്ള സുരക്ഷാ മുൻകരുതലുകൾ:

  • ഇത്തരക്കാർ മെഡിക്കൽ മാസ്കുകൾ ഉപയോഗിക്കണം. പൂർണ്ണ ആരോഗ്യവാന്മാരായവർക്ക് തുണികൾ കൊണ്ടുള്ള മാസ്കുകൾ ഉപയോഗിക്കാം.
  • മാസ്കുകൾ മുഖത്തു നിന്ന് നീക്കം ചെയ്യുന്നതിന് മുൻപായി കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കണം. ഉപയോഗിച്ച മാസ്കുകൾ സീൽ ചെയ്യാവുന്ന പ്ലാസ്റ്റിക് ബാഗുകളിൽ സൂക്ഷിക്കേണ്ടതാണ്.
  • യാത്രകളിലുടനീളം കഴിയുന്നതും മറ്റുള്ളവരിൽ നിന്ന് ഏറ്റവും ചുരുങ്ങിയത് ഒരു മീറ്റർ എങ്കിലും ദൂരം പാലിക്കേണ്ടതാണ്.
  • കൈകൾ ഇടയ്ക്കിടെ ശുചിയാക്കണം.
  • കൈകൾ കൊണ്ട് എവിടെയെങ്കിലും തൊടുന്നതിനു മുതലായി അവിടം അണുവിമുക്തമാക്കുന്നതിനായി അണുനാശിനിയടങ്ങിയ ടിഷ്യുപേപ്പറുകൾ ഉപയോഗിക്കണം. ഇതിനായുള്ള ഇത്തരം പേപ്പറുകൾ യാത്രാവസരങ്ങളിൽ കൈകളിൽ കരുതണം. ഉപയോഗ ശേഷം അവ സീൽ ചെയ്യാവുന്ന പ്ലാസ്റ്റിക് ബാഗുകളിൽ ആക്കിയശേഷം നിർമാർജ്ജനം ചെയ്യേണ്ടതാണ്.