“കൊറോണാ വൈറസിന്റെ മുന്നിൽ നിങ്ങൾ അജയ്യരല്ല”: ലോകമെമ്പാടുമുള്ള യുവാക്കളോട് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

International News

ആഗോളതലത്തിൽ ഒരു വിഭാഗം ചെറുപ്പകാരെങ്കിലും കൊറോണാ വൈറസ് വ്യാപനത്തിനെ ലാഘവത്തോടെ കാണുന്നു എന്നതിനാൽ പൊതു ഇടങ്ങളിൽ നിന്ന് മാറിനിൽക്കുന്നതിൽ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് യുവത്വത്തിനെ ഓർമിപ്പിച്ച് ലോകാരോഗ്യ സംഘടന. “കൊറോണാ വൈറസിന്റെ മുന്നിൽ നിങ്ങൾ അജയ്യരല്ല” എന്ന മുന്നറിയിപ്പോട് കൂടിയാണ് ലോകമെമ്പാടുമുള്ള യുവാക്കളോട് ഈ ജാഗ്രതാ നിർദ്ദേശം ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച്ച നൽകിയത്.

വിവിധ രാജ്യങ്ങളിൽനിന്നുള്ള സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത് 50 വയസിനു താഴെയുള്ളവരും COVID-19 ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ വലിയൊരു ശതമാനം ഉണ്ടെന്നും, ഇതിനാൽ ചെറുപ്പക്കാരും ഈ രോഗത്തെ അതീവ ഗൗരവമുള്ളതായി കാണണം എന്നും WHO ആഹ്വാനം ചെയ്തു. ചെറുപ്പക്കാരുടെ ഇടയിലും ഈ രോഗം ആരോഗ്യ പ്രശ്നങ്ങൾക്കും മരണത്തിനും വരെ കാരണമാകാം. അതിനാൽ പൊതു ഇടങ്ങളിൽ ഇടപഴകുന്നതും, രോഗം ആരോഗ്യ സ്ഥിതി മോശമായവരിലേക്കും പ്രായമായവരിലേക്കും പടർത്തുന്ന എല്ലാ പ്രവർത്തികളിൽ നിന്നും യുവജനങ്ങൾ വിട്ടുനിൽക്കേണ്ടതാണെന്ന് WHO ഓർമ്മപെടുത്തി.

“ചെറുപ്പക്കാർക്കായി എനിക്ക് ഒരു സന്ദേശം പങ്കുവെക്കാനുണ്ട്. കൊറോണാ വൈറസിന്റെ മുന്നിൽ നിങ്ങൾ അജയ്യരല്ല. ഈ വൈറസ് നിങ്ങളെ ആഴ്ചകളോളം ആശുപത്രിയിലാക്കാനും, മരണത്തിലേക്ക് തള്ളിവിടാനും കെല്പുള്ളതാണ്. നിങ്ങൾക്ക് രോഗം വന്നില്ലെങ്കിലും, നിങ്ങൾ ഈ പ്രതിസന്ധി ഘട്ടത്തിൽ എവിടെയെല്ലാം യാത്ര ചെയ്യുന്നു എന്നത് മറ്റൊരാളുടെ ജീവിതത്തിൽ മരണത്തിനു വരെ കാരണമായേക്കാവു കാര്യമാണ്.” പൊതു ഇടങ്ങളിൽ നിന്ന് കഴിയുന്നതും എല്ലാവരും മാറിനിൽക്കേണ്ടതിന്റെ പ്രാധാന്യം ഓർമിപ്പിച്ചുകൊണ്ട് ലോക ആരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അധനോം ഗബ്രിയായ്സസ് (Tedros Adhanom Ghebreyesus) ഡിജിറ്റൽ സംവിധാനങ്ങളിലൂടെ വെള്ളിയാഴ്ച്ച നടത്തിയ പത്ര സമ്മേളനത്തിൽ പറഞ്ഞു.

“ഭൂരിഭാഗം ചെറുപ്പക്കാരും കൊറോണാ വൈറസ് വ്യാപിപ്പിക്കുന്നതിനു പകരം കൊറോണാ വൈറസിന്റെ പ്രതിരോധ നടപടികളും ആരോഗ്യ നിർദ്ദേശങ്ങളുമാണ് ചുറ്റും വ്യാപിപ്പിക്കുന്നത് എന്നത് സന്തോഷപ്രദമായ ഒരു കാര്യമാണ്. ഈ അവസരത്തിൽ ഐകമത്യത്തോടെ മാത്രമേ ഈ മഹാമാരിയെ ആഗോളതലത്തിൽ നേരിടാനാവു. രാജ്യങ്ങൾ തമ്മിലുള്ള ഐകമത്യം; വിവിധ പ്രായത്തിലുള്ളവർ തമ്മിലുള്ള ഐകമത്യം…” അദ്ദേഹം കൂട്ടിച്ചേർത്തു.