ദുബായ്: ലോകത്തെ ഏറ്റവും വലിയ മൊസൈക് കലാസൃഷ്ടി ഹത്തയിൽ അനാച്ഛാദനം ചെയ്തു

featured GCC News

ലോകത്തെ ഏറ്റവും വലിയ മൊസൈക് കലാസൃഷ്ടിയായ ‘സായിദ് ആൻഡ് റാഷിദ്’ മ്യൂറൽ ഹത്തയിൽ അനാച്ഛാദനം ചെയ്തു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ദുബായ് എലെക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുമായി (DEWA) ചേർന്നാണ് ബ്രാൻഡ് ദുബായ് ഹത്തയിൽ ‘സായിദ് ആൻഡ് റാഷിദ്’ മ്യൂറൽ സ്ഥാപിച്ചിരിക്കുന്നത്.

യു എ ഇയുടെ സ്ഥാപക പിതാക്കളോടുള്ള ബഹുമാനസൂചകമായാണ് ‘സായിദ് ആൻഡ് റാഷിദ്’ മ്യൂറൽ ഒരുക്കിയിരിക്കുന്നത്.

ഹത്ത ഡാമിന്റെ ഭിത്തിയിലാണ് 2,198.7 സ്‌ക്വയർ മീറ്റർ വിസ്തൃതിയുള്ള ഈ മൊസൈക് കലാസൃഷ്ടി ഒരുക്കിയിരിക്കുന്നത്.

ഹത്ത അണക്കെട്ടിൽ നിന്ന് വെള്ളം വാർന്ന് പോകുന്ന ചെരുവിൽ ഒരുക്കിയിരിക്കുന്ന ഈ കലാസൃഷ്ടി യു എ ഇ എന്ന രാഷ്ട്രം സ്ഥാപിതമായ കാലഘട്ടത്തിൽ നിന്നുള്ള ഷെയ്ഖ് സായിദ്, ഷെയ്ഖ് റാഷിദ് എന്നിവരുടെ ചരിത്രപരമായ ഒരു ഫോട്ടോയുടെ പുനരാവിഷ്കാരമാണ്.

ലോകത്തെ ഏറ്റവും വലിയ മൊസൈക് ആർട്ട് നിർമ്മിതി എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടം ‘സായിദ് ആൻഡ് റാഷിദ്’ മ്യൂറൽ സ്വന്തമാക്കിയതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചിട്ടുണ്ട്.

ബ്രാൻഡ് ദുബായിയുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ള ‘#ZayedAndRashid’ എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ഈ കലാസൃഷ്ടി ഒരുക്കിയിരിക്കുന്നത്. ഷെയ്ഖ് സായിദ്, ഷെയ്ഖ് റാഷിദ് എന്നിവരുടെ പൈതൃകത്തിന്റെ ആഘോഷമെന്ന രീതിയിലാണ് ഈ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്.

യു എ ഇ എന്ന രാഷ്ട്രത്തിന്റെ രൂപീകരണത്തിൽ ഷെയ്ഖ് സായിദ്, ഷെയ്ഖ് റാഷിദ് എന്നിവരുടെ ദർശനങ്ങൾ, പ്രയത്നങ്ങൾ എന്നിവ വഹിച്ചിട്ടുള്ള പങ്ക്, ആഗോള തലത്തിൽ തന്നെ പുതുമ, അഭിവൃദ്ധി, ആനന്ദം തുടങ്ങിയവയുടെ ആഗോളതലത്തിൽ തന്നെയുള്ള പ്രതീകമായി യു എ ഇ വളരുന്നതിലേക്ക് ഇവർ പാകിയ അടിത്തറ എന്നിവ ഈ പ്രചാരണപരിപാടി എടുത്ത് കാട്ടുന്നു.