നിലവിലെ Covid-19 ഭീഷണിയെത്തുടർന്ന് യാത്രകൾ അനിശ്ചിതാവസ്ഥയിലായ സാഹചര്യത്തിൽ, ഉപഭോക്താക്കൾക്ക് അധിക ചാർജുകൾ കൂടാതെ യാത്രാ തീയതികളിൽ മാറ്റം വരുത്താവുന്ന പദ്ധതി കഴിഞ്ഞ ദിവസം എമിറേറ്റ്സ് പ്രഖ്യാപിച്ചതിനെത്തുടർന്ന് സമാനമായ പദ്ധതികളുമായി എത്തിഹാദ്, ഇൻഡിഗോ എയർലൈനുകളിലും രംഗത്തെത്തി.
മാർച്ച് 12 മുതൽ മാർച്ച് 31 തീയ്യതികൾക്കിടയിൽ യാത്രചെയ്യാൻ നിലവിൽ ബുക്ക് ചെയ്തിട്ടുള്ള ടിക്കറ്റുകളിലും, ഈ കാലാവധിയിലേക്കുള്ള പുതിയ ബുക്കിങ്ങുകളിലും തീയതികൾ മാറ്റുന്നതിനുള്ള പിഴതുകകളോ, ടിക്കറ്റുകൾ വീണ്ടും നൽകുന്നതിനുള്ള സർവീസ് ചാർജുകളോ ഈടാക്കാതെ യാത്രാ തീയതി മാറ്റിനിശ്ചയിക്കുന്നതിനുള്ള സൗകര്യമാണ് ഇൻഡിഗോ എയർലൈൻ പ്രഖ്യാപിച്ചിട്ടുള്ളത്.
“നിലവിലെ സാഹചര്യത്തിൽ യാത്രാ തീയതികൾ ഉറപ്പിക്കുന്നതിൽ നിലനിൽക്കുന്ന അനിശ്ചിതാവസ്ഥ കണക്കിലെടുത്ത്, മാർച്ച് 12 മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ ഉള്ള യാത്രകൾക്കും, ഇതേ കാലയളവിൽ ചെയുന്ന പുതിയ ബുക്കിങ്ങുകൾക്കും തീയതികൾ പുനഃക്രമീകരിക്കുന്നതിനുള്ള അധിക ചാർജുകൾ ഒഴിവാക്കിയിരിക്കുന്നു.” എന്ന് ഇൻഡിഗോ എയർലൈൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു. യാത്രാ നിരക്കുകളിലെ മാറ്റങ്ങൾ ബാധകമായിരിക്കും. മാത്രമല്ല യാത്ര ചെയ്യുന്നതിനുള്ള തീയതിക്ക് 3 ദിവസം മുന്നേ എങ്കിലും ഉള്ള തീയ്യതി മാറ്റങ്ങൾക്കേ ഈ ഇളവ് ബാധകമാകൂ.
മാർച്ച് 5-നോ അതിനു മുന്നേയോ യു എ ഇയിൽ നിന്ന് എടുത്തിട്ടുള്ള ടിക്കറ്റുകൾക്കാണ് എത്തിഹാദ് ഉപഭോക്താക്കൾക്ക് യാത്രാ തീയതികൾ അധിക ചാർജ്ജുകൾ കൂടാതെ പുനഃക്രമീകരിക്കുന്നതിനുള്ള അവസരം നൽകുന്നത്. നിലവിൽ യു എ ഇയിൽ നിന്ന് യാത്ര വിലക്കുകൾ ഉള്ള രാജ്യങ്ങളിലേക്ക് ഏപ്രിൽ 15 വരെ എടുത്തിട്ടുള്ള ടിക്കറ്റുകൾക്കാണ് പിഴതുകകളോ, ടിക്കറ്റുകൾ വീണ്ടും നൽകുന്നതിനുള്ള സർവീസ് ചാർജുകളോ കൂടാതെ യാത്ര പുനഃക്രമീകരിക്കുന്നതിനും, ടിക്കറ്റുകൾ പിഴ തുക കൂടാതെ റദ്ദാകുന്നതിനും ഉള്ള ഇളവുകൾ എത്തിഹാദ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒരുതവണ മാത്രമേ പിഴത്തുക കൂടാതെ യാത്രാ തീയതി മാറ്റിനിശ്ചയിക്കുന്നതിനു കഴിയൂ എന്നും, യാത്ര ചെയ്യുന്ന രാജ്യത്ത് യാത്രാ വിലക്കുകൾ ഒന്നും നിലവിലില്ലെങ്കിൽ മാത്രമേ യാത്ര പുനഃക്രമീകരിക്കുന്നതിനു അനുവദിക്കൂ എന്നും എത്തിഹാദ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
1 thought on “അധിക ചാർജുകൾ കൂടാതെ എത്തിഹാദ്, ഇൻഡിഗോ എയർലൈനുകളിലും യാത്രാ തീയതികളിൽ മാറ്റം വരുത്താം”
Comments are closed.