സിഗ്നലുകളിലും മറ്റും അശ്രദ്ധമായും, അനുവദനീയമല്ലാത്ത സ്ഥലങ്ങളിലൂടെയും റോഡ് മുറിച്ചുകടന്നതിന് കഴിഞ്ഞ വർഷം 48,000-ത്തോളം പേർക്ക് പിഴ ചുമത്തിയാതായി അബുദാബി പോലീസ് അറിയിച്ചു. റോഡിലുള്ള ഇത്തരം നിയമലംഘനങ്ങൾ അവചെയ്യുന്നവരുടെയും മറ്റുള്ളവരുടെയും ജീവനു ഭീഷണിയുണ്ടാക്കുന്നതാണെന്നും പൊതുജനങ്ങൾ ഇത്തരം ലംഘനങ്ങൾ ഒഴിവാക്കണമെന്നും പോലീസ് ആഹ്വാനം ചെയ്തു. ഇങ്ങിനെ റോഡ് മുറിച്ച് കടക്കുന്നത് 400 ദിർഹം പിഴ ചുമത്താവുന്ന കുറ്റമാണ്.
റോഡിലെ അപകടങ്ങൾ കുറയ്ക്കുന്നതിനായി പദയാത്രികരുടെ സുരക്ഷയ്ക്കായി ജാഗ്രത പുലർത്താൻ വാഹനമോടിക്കുന്നവരോടും അബുദാബി പോലീസ് അധ്വാനം ചെയ്തിട്ടുണ്ട്. കാല്‍നടക്കാർക്ക് റോഡ് മുറിച്ച് കടക്കുന്നതിനായുള്ള ഇടങ്ങളിലും, ഉൾറോഡുകളിലും, വ്യവസായ മേഖലകളിലും, പാര്‍പ്പിടങ്ങളുള്ള ഇടങ്ങളിലും വാഹനങ്ങൾ കുറഞ്ഞ വേഗതയിൽ ഓടിക്കാനും, പദയാത്രികർക്ക് മുൻഗണന നൽകാനും ഡ്രൈവർമാരോട് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. മുനിസിപ്പാലിറ്റിയുമായും, ട്രാൻസ്‌പോർട് ഡിപ്പാർട്‌മെന്റുമായും ചേർന്നുകൊണ്ട് കാൽനടക്കാർക്കായുള്ള പ്രത്യേക പാതകൾ, റോഡ്മുറിച്ചുകടക്കുന്നതിനുള്ള മേൽപ്പാലങ്ങൾ എന്നിവ നിർമ്മിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നു വരുന്നുണ്ട്. അപകടങ്ങൾ കുറയ്ക്കുന്നതിനായി ജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനുള്ള പല പ്രവർത്തനങ്ങളും അബുദാബി പോലീസ് നടപ്പിലാക്കികൊണ്ടിരിക്കുകയാണ്.