നോർക്ക റൂട്ട്സ് പ്രവാസികൾക്കായി ആരംഭിച്ച ഗ്ലോബൽ കോൺടാക്ട് സെന്റർ ഒരു വർഷം പൂർത്തിയാക്കി. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററിൽ 33 വിദേശരാജ്യങ്ങളിൽ നിന്ന് 1,77,685 കാളുകളും വെബ്സൈറ്റ് മുഖേന 37,255 ചാറ്റുകളും ലഭിച്ചു.
നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റ് മുഖേന 2,320 പരാതികളും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരി 15 ന് ദുബായിൽ നടന്ന ലോക കേരള സഭയുടെ പ്രഥമ പശ്ചിമേഷ്യൻ മേഖലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. വിദേശരാജ്യങ്ങളിൽ നിന്നും നോർക്കയുടെ സേവനങ്ങൾ ആവശ്യപ്പെടാനും പരാതികൾ രജിസ്റ്റർ ചെയ്യാനും കോൺടാക്റ്റ് സെന്റർ വഴി സാധിക്കും.
അന്താരാഷ്ട്ര ടോൾ ഫ്രീ നമ്പരായ 0091 8802012345 വഴിയാണ് സേവനങ്ങൾ ലഭിക്കുക. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിളിക്കുന്നവർക്ക് 1800 425 3939 ലും സേവനം ലഭിക്കും.
ഇന്ത്യ, യു.എ.ഇ., സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ കാളുകൾ ലഭിച്ചത്. ഇതിനു പുറമേ ഖത്തർ, കുവൈറ്റ്, ബഹറിൻ, ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാൻ, ഒമാൻ, ജർമ്മനി, തുർക്കിമിനിസ്ഥാൻ, ഇറാൻ, ഉത്തര കൊറിയ, മലേഷ്യ, ശ്രീലങ്ക, യു.കെ, യു.എസ്.എ, കമ്പോഡിയ, ജോർജ്ജിയ, ഇറ്റലി, ഫ്രാൻസ്, അയർലന്റ്, ലാവോസ്, മ്യാൻമാർ, ഫിലിപൈൻസ്, റഷ്യ, തെക്കൻ കൊറിയ, സ്പെയിൻ, തായ്വാൻ, തജികിസ്ഥാൻ, തായ്ലന്റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും കാളുകൾ ലഭിച്ചിട്ടുണ്ട്.
പ്രവാസികളുടെ അന്വേഷണങ്ങൾക്ക് തൽസമയം മറുപടി നൽകുന്നതിലൂടെ അവർക്ക് ആശ്വാസപ്രദവും പ്രയോജനകരവുമായ പദ്ധതിയായി മാറിയ ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനുള്ള പ്രവർത്തനം നടക്കുന്നതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.