കുവൈറ്റ്: മാർച്ച് 12 മുതൽ മാർച്ച് 26 വരെ പൊതു അവധി; വെള്ളിയാഴ്ച്ച മുതൽ യാത്രാവിമാന സർവീസുകൾ നിർത്തലാക്കി

GCC News

മാർച്ച് 12 മുതൽ മാർച്ച് 26 വരെ രണ്ടാഴ്ച്ചത്തേക്ക് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചതായി കുവൈറ്റ് സർക്കാർ അറിയിച്ചു. ഇന്ന് വൈകീട്ട് ചേർന്ന കുവൈറ്റ് കാബിനറ്റ് കൊറോണാ വൈറസ് അവലോകനയോഗത്തിനു ശേഷമാണ് ഈ തീരുമാനം. അത്യാവശ്യ സേവനങ്ങൾക്കൊഴികെ എല്ലാ സംവിധാനങ്ങൾക്കും അവധി ബാധകമാണ്.

മാർച്ച് 13, വെള്ളിയാഴ്ച്ച മുതൽ കുവൈറ്റിലേക്കും കുവൈറ്റിൽ നിന്നുമുള്ള എല്ലാ യാത്രാ വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ കുവൈറ്റി പൗരന്മാരെ തിരികെയെത്തിക്കുന്നതിനുള്ള വിമാനങ്ങളും, ചരക്ക് വിമാനങ്ങളും മാത്രമേ രാജ്യത്ത് പ്രവേശിക്കാൻ അനുവദിക്കൂ.

സ്വകാര്യ ക്ലബുകൾ, റസ്റ്റോറന്റുകൾ, കഫേകൾ, ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിലെല്ലാം ആളുകൾ ഒത്തുചേരുന്നത് വിലക്കിയിട്ടുണ്ട്. കൊറോണാ വൈറസ് ബാധ പടരുന്നത് ഒഴിവാക്കാനാണ് ഈ നടപടികൾ.