രാജ്യത്ത് 8 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ഞായറാഴ്ച്ച കുവൈറ്റ് ആരോഗ്യ മന്ത്രാലയം റിപ്പോർട് ചെയ്തു. ഇതോടെ കുവൈറ്റിലെ രോഗ ബാധിതരുടെ എണ്ണം 112 ആയി. രോഗം വ്യാപിക്കുന്നത് തടയുന്നതിനുള്ള പ്രവർത്തനങ്ങൾ ഇതോടെ കൂടുതൽ കർശനമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി അത്യാവശ്യ സേവനങ്ങളൊഴികെ രാജ്യത്തെ മുഴുവൻ വാണിജ്യ കേന്ദ്രങ്ങളും അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്.
ഭക്ഷ്യവിതരണവുമായി ബന്ധപ്പെടാത്തല്ലാത്ത എല്ലാ ഷോപ്പിങ് കേന്ദ്രങ്ങളും, മാളുകളും, പൊതു മാർക്കറ്റുകളും താത്കാലികമായി അടച്ചിടും. ഞായറാഴ്ച മുതൽ ഹോട്ടലുകളിലും, കഫെകളിലും, മറ്റു ഭക്ഷണകേന്ദ്രങ്ങളിലും ഒരേ സമയം 5 പേരിൽ കൂടുതൽ പേർക്ക് സേവനം നൽകുന്നതിന് നിയന്ത്രണം ഏർപെടുത്തിയിട്ടുണ്ട്. സേവനങ്ങൾക്കായി വരികളിൽ നിൽക്കുന്നവർ തമ്മിൽ 1 മീറ്റർ അകലം പാലിക്കാനും നിർദ്ദേശമുണ്ട്. വിനോദകേന്ദ്രങ്ങളോടും, ബ്യുട്ടിപാർലറുകൾ, സലൂണുകൾ എന്നിവയ്ക്കും ഇനി ഒരു അറിയിപ്പ് ലഭിക്കുന്നത് വരെ പ്രവർത്തനങ്ങൾ നിർത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
അടിയന്തിരസ്വഭാവമുള്ള ആവശ്യങ്ങൾക്കൊഴികെ ആളുകളോട് പൊതു ഇടങ്ങളിൽ പ്രവേശിക്കുന്നത് ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. കഴിയുന്നതും വീടുകളിൽ തുടരാൻ ജനങ്ങളോട് സർക്കാർ ആഹ്വാനം ചെയ്തു.