കൊറോണാ വൈറസ് ബാധയ്ക്കെതിരെയുള്ള പ്രതിരോധ സംവിധാനം എന്ന നിലയിൽ പൊതു ജനങ്ങൾ N-95 മാസ്ക്കുകൾ ഉപയോഗിക്കുന്നതിന്റെ അപകടങ്ങളെ കുറിച്ച് യു എ ഇ ആരോഗ്യ സുരക്ഷാ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം മാസ്ക്കുകൾ ശ്വാസനേന്ദ്രിയങ്ങള്ക്ക് ആയാസം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഭാവിയിലുണ്ടായേക്കാവുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ഇത് കാരണമായേക്കാമെന്നും മന്ത്രാലയത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.
N-95 മെഡിക്കൽ മാസ്ക്കുകൾ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവർ രോഗബാധയുള്ളവരുമായി അടുത്തിടപഴകുമ്പോഴും അവരെ ചികിത്സിക്കുന്ന വേളയിലും ഉപയോഗിക്കാനായി തയാറാകുന്നതാണ്. ഇത്തരം മാസ്ക്കുകൾ കുട്ടികൾ ഉപയോഗിക്കുന്നത് കർശനമായും നിരോധിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിപ്പിൽ പറയുന്നു.
കൊറോണാ വൈറസ് ഭീതിയിൽ ലോകവ്യാപകമായി ഇത്തരം മാസ്ക്കുകൾ ജനങ്ങൾ വാങ്ങിക്കൂട്ടുന്നത് മൂലം ഇവയ്ക്ക് പലയിടങ്ങളിലും ക്ഷാമമനുഭവപ്പെടുന്നുണ്ട്.