രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള എല്ലാ വിസകളും അനുവദിക്കുന്നതിനുള്ള നടപടികൾ മാർച്ച് 17 മുതൽ താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ് അറിയിച്ചു. നയതന്ത്രജ്ഞർക്കുള്ള വിസകൾ ഒഴികെ എല്ലാ പുതിയ വിസകളുടെയും വിതരണം ഇതോടെ താത്കാലികമായി നിർത്തലാകും. ഈ കാലാവധിയ്ക്ക് മുന്നേ അനുവദിച്ചിട്ടുള്ള വിസകൾക്ക് ഈ തീരുമാനം ബാധകമാക്കിയിട്ടില്ല.
രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന Covid-19 പ്രതിരോധ നടപടികളുടെ ഭാഗമായി രോഗ ബാധ വ്യാപിക്കുന്നത് തടയുവാനാണ് ഈ തീരുമാനമെന്ന് അധികൃതർ കൂട്ടിച്ചേർത്തു. മറ്റു രാജ്യങ്ങൾ അവരുടെ വിമാനത്താവളങ്ങളിൽ വിദേശത്തേക്ക് യാത്രയാകുന്നവർക്ക് ആരോഗ്യ സുരക്ഷാ സൂക്ഷ്മപരിശോധനകൾ കൊണ്ടുവരുന്നതിനനുസരിച്ച് ഈ തീരുമാനത്തിൽ മാറ്റങ്ങൾ വരാമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.