യുവാക്കൾക്ക് സംരംഭകത്വ രംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കാനാകും – മുഖ്യമന്ത്രി

Business

യുവാക്കളുടെ കഴിവ് സംരംഭകത്വ രംഗത്ത് നല്ല രീതിയിൽ ഉപയോഗിച്ചാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൊഴിലന്വേഷകർക്ക് പകരം യുവാക്കൾ തൊഴിൽദാതാക്കളാകുന്നത് നവകേരള സൃഷ്ടിക്ക് കരുത്തു പകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ സംഘടിപ്പിച്ച ‘എൻലൈറ്റ് 2020’ സംരംഭകത്വ വികസന ക്ലബ് കോൺക്ലേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യകരമായ സംരംഭകത്വ സംസ്‌കാരം വളർത്തിയെടുക്കുന്നതിനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. നാട്ടിൽ വ്യവസായങ്ങൾ വളരാനുള്ള എല്ലാ സാഹചര്യവും ഇപ്പോഴുണ്ട്. വ്യവസായം ആരംഭിക്കുന്നതു സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിച്ച് ഈസ് ഓഫ് ഡൂയിംഗ് ബിസിനസിനായി ഏഴുനിയമങ്ങളും പത്തു ചട്ടങ്ങളും ഭേദഗതി ചെയ്തു. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിൽ ആദ്യ അഞ്ച് സ്ഥാനത്തിനുള്ളിൽ കേരളത്തെ എത്തിക്കാനാണ് ശ്രമം. കൊച്ചിയിൽ നടന്ന അസെൻറ് നിക്ഷേപക സംഗമത്തിൽ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് ലഭിച്ചത്. വ്യവസായികൾ നമ്മുടെ നാട്ടിൽ വരാൻ സന്നദ്ധരാണ് എന്നതിന് തെളിവാണിത്.
ഇവിടെയാണ് യുവ സംരംഭകർക്കുള്ള പ്രാധാന്യം വർധിക്കുന്നത്. ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് സാഹചര്യമാണ് കേരളത്തിലുള്ളത്. ലോകശ്രദ്ധ നേടിയ ഒട്ടേറെ സ്റ്റാർട്ടപ്പുകളാണ് കേരളത്തിൽ നിന്നുയർന്നുവന്നത്. യുവാക്കളുടെ കഴിവുകൾ മികച്ച രീതിയിൽ ഉപയോഗിക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു.

യുവസംരംഭകരുടെ കരുത്തും ശക്തിയും പ്രായോഗികതലത്തിലെത്തിക്കണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വ്യവസായ മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. തൊഴിൽ രഹിതർ ഇല്ലാത്ത നാടാക്കി കേരളത്തെ മാറ്റാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. വിദ്യാസമ്പന്നരായ യുവതലമുറയുടെ വ്യത്യസ്ത അറിവുകളും കഴിവുകളും ജീവിതത്തിൽ ഫലപ്രദമായ ഉത്പന്നങ്ങളായും സംരംഭങ്ങളായും മാറ്റാനാകണം. ഇത്തരത്തിൽ ഫലപ്രദമായ ഇടപെടലുകൾ നടത്തി സാമൂഹ്യ ജീവിതവുമായി ഉത്പാദന മേഖലയെ ബന്ധപ്പെടുത്താനാണ് സംരംഭകത്വ വികസന ക്ലബ്ബുകളിലൂടെ കലാലയങ്ങളിൽ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ, മേയർ കെ.ശ്രീകുമാർ, കൗൺസിലർ കെ.മുരളീധരൻ തുടങ്ങിയവർ സംബന്ധിച്ചു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ: കെ. ഇളങ്കോവൻ സ്വാഗതവും ഡയറക്ടർ കെ. ബിജു നന്ദിയും പറഞ്ഞു.

സ്‌കൂൾ, കോളേജ് തലങ്ങളിൽ വിദ്യാർഥികളിൽ സംരംഭകത്വ സംസ്‌കാരം വളർത്താനും യുവസംരംഭകരെ പ്രോത്സാഹിപ്പിക്കാനും വ്യവസായ – വാണിജ്യ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് എന്റെർപ്രണേഴ്‌സ് ഡവലപ്‌മെൻറ് ക്ലബുകൾ. ഈ വർഷം മുതലാണ് സംരംഭകത്വ വികസന ക്ലബുകളുടെ സംസ്ഥാനതല കോൺക്ലേവ് നടത്തുന്നത്. ഹയർ സെക്കൻഡറി, വി.എച്ച്.എസ്.സി, ഐ.ടി.ഐ, ഐ.ടി.സി, പോളി ടെക്‌നിക്, ആർട്‌സ് ആന്റ് സയൻസ് കോളേജ്, എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് രണ്ടു ദിവസമായി തിരുവനന്തപുരം ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന കോൺക്ലേവിൽ പങ്കെടുക്കുന്നത്.

60 ഓളം സ്റ്റാളുകളിലായി വൈവിധ്യമാർന്ന സംരംഭക സാധ്യതയുള്ള ഉത്പന്നങ്ങളാണ് വിദ്യാർഥികൾ ഒരുക്കിയിരിക്കുന്നത്. കരകൗശല ഉത്പന്നങ്ങൾ മുതൽ റോബോട്ടുകൾ വരെയുള്ളവ ഇവയിലുണ്ട്.  തിരക്കുള്ള ജംഗ്ഷനുകളിൽ ട്രാഫിക് നിയന്ത്രിക്കാനുള്ള സംവിധാനം, ലോ കോസ്റ്റ് സി.എൻ.സി മില്ലിംഗ് മെഷീൻ, ലീഫ് ലെസ് ഫാൻ, സോളാർ എ.സി ഹെൽമറ്റ്, മൊബൈൽ ഫാബ് ലാബ്, മൊബൈൽ വഴി എവിടെ നിന്നും ഗൃഹോപകരണങ്ങൾ പ്രവർത്തിപ്പിക്കാനുള്ള സംവിധാനം, ചോറ് വാർക്കാനും, തേങ്ങയും അടയ്ക്കയും പൊളിക്കാനുള്ള യന്ത്രം തുടങ്ങി അനേകം ഉപകരണങ്ങളാണിവിടെ പ്രദർശനത്തിനുള്ളത്. വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്, സ്റ്റാർട്ടപ്പ് മിഷൻ, അസാപ് എന്നിവരുടെ എക്‌സ്പീരിയൻസ് സോണുകളും ഇൻകുബേഷൻ സെൻററും ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ സംരംഭകത്വ സഹായ ഏജൻസികളുടെ പ്രവർത്തനം വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്ന സെഷനുകളും, വിജയിച്ച സ്റ്റാർട്ടപ്പ് കമ്പനി സാരഥികളുമായുള്ള ചർച്ചകളും കോൺക്ലേവിൽ നടക്കുന്നുണ്ട്. സമാപന സമ്മേളനം ഇന്ന് (ജനുവരി 30) വൈകിട്ട് മൂന്നിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: കെ.ടി ജലീൽ ഉദ്ഘാടനം ചെയ്ത് പുരസ്‌കാര വിതരണം നടത്തും.