ഹോപ്പ് ബാഹ്യാകാശപേടകത്തിൽ നിന്നുള്ള ചൊവ്വാഗ്രഹത്തിന്റെ ദൃശ്യം ദുബായ് ഭരണാധികാരി H.H ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പങ്കുവെച്ചു. ചൊവ്വാഗ്രഹം ലക്ഷ്യമാക്കിയുള്ള പ്രയാണത്തിനിടയിൽ, ശൂന്യാകാശത്ത് ഏകദേശം 345 മില്യൺ കിലോമീറ്റർ സഞ്ചരിച്ച ശേഷമുള്ള ചൊവ്വയുടെ ദൃശ്യമാണ് ഷെയ്ഖ് മുഹമ്മദ് ഡിസംബർ 3-ന് വൈകീട്ട് ട്വിറ്ററിലൂടെ പുറത്ത്വിട്ടത്.
ചൊവ്വാ ഗ്രഹത്തിലേക്ക് ഇനിയും 135 മില്യൺ കിലോമീറ്റർ സഞ്ചരിക്കേണ്ടതുണ്ടെന്നും, 2021 ഫെബ്രുവരി 9-ന് ഹോപ്പ് ലക്ഷ്യസ്ഥാനത്തെത്തുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 7 മാസം കൊണ്ട് ഏതാണ്ട് 493 മില്യൺ കിലോമീറ്റർ യാത്രചെയ്താണ് ഹോപ്പ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുക.
ഹോപ്പ് ബാഹ്യാകാശപേടകത്തിൽ നിന്നുള്ള ചൊവ്വാഗ്രഹത്തിന്റെ ആദ്യ ദൃശ്യം ദുബായ് ഭരണാധികാരി H.H ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ജൂലൈ 22-നു പങ്കുവെച്ചിരുന്നു. ശൂന്യാകാശത്ത് ഏകദേശം ഒരു മില്യൺ കിലോമീറ്റർ സഞ്ചരിച്ച ശേഷമാണ് ഹോപ്പ് ചൊവ്വയുടെ ആദ്യ ദൃശ്യം പകർത്തിയത്.
അറബ് ലോകത്തിന്റെ ആദ്യത്തെ ഗോളാന്തര പര്യവേഷണ ദൗത്യത്തിനു തുടക്കം കുറിച്ച് കൊണ്ട്, ഹോപ്പ് ബാഹ്യാകാശപേടകം ജപ്പാനിലെ തനെഗഷിമ സ്പേസ് സെന്ററിൽ നിന്ന് ജൂലൈ 20-നു പുലര്ച്ചെ 1.58-ന് (യു.എ.ഇ സമയം) വിജയകരമായി വിക്ഷേപണം ചെയ്തിരുന്നു. യുഎഇയുടെ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച്, 2021 ഫെബ്രുവരി 9-ന് ഹോപ്പ് ബാഹ്യാകാശപേടകം ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് 687 ദിവസം (ഒരു ചൊവ്വാ വർഷം) ഈ ബാഹ്യാകാശപേടകം ചൊവ്വാഗ്രഹത്തെ വലംവെക്കും. ഈ കാലയളവിൽ ഹോപ്പ് ചൊവ്വയുടെ അന്തരീക്ഷവും, കാലാവസ്ഥയും പഠനവിധേയമാക്കുന്നതാണ്.