എമിറേറ്റിലെ മുഴുവൻ മേഖലകളിലെയും പ്രവർത്തനങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട വകുപ്പുകളുമായി സംയോജിച്ച് നടപ്പിലാക്കാൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രിസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി പ്രഖ്യാപിച്ചു. ഡിസംബർ 9, ബുധനാഴ്ചയാണ് കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.
എമിറേറ്റിൽ നടപ്പിലാക്കിയിട്ടുള്ള COVID-19 പ്രതിരോധ പ്രവർത്തനങ്ങളുടെയും, മുൻകരുതൽ നടപടികളുടെയും ഫലമായി വൈറസ് വ്യാപനത്തെ വിജയകരമായി തടയാൻ സാധിച്ചതും, നിലവിൽ എമിറേറ്റിൽ രേഖപ്പെടുത്തുന്ന രോഗബാധയിലെ കുറവും കണക്കിലെടുത്താണ് കമ്മിറ്റി ഈ തീരുമാനം കൈകൊണ്ടിട്ടുള്ളത്. ഇതിന്റെ ഭാഗമായി അബുദാബിയിലെ മുഴുവൻ വാണിജ്യ, സാംസ്കാരിക, വിനോദ, വിനോദസഞ്ചാര പ്രവർത്തനങ്ങളും പൂർണ്ണ രൂപത്തിൽ പുനരാരംഭിക്കുമെന്നും, നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള പ്രതിരോധ മുൻകരുതൽ നടപടികൾ കൂടുതൽ ഫലപ്രദമാകുന്ന രീതിയിലേക്ക് മാറ്റുമെന്നും അറിയിപ്പിൽ പറയുന്നു.
അബുദാബിയിലെ നിലവിലെ ആരോഗ്യ സ്ഥിതിയിൽ കൈവരിക്കാനായിട്ടുള്ള നേട്ടങ്ങൾ നിലനിർത്തുന്ന രീതിയിലായിരിക്കും ആരോഗ്യ സുരക്ഷാ നടപടികൾ പുനഃക്രമീകരിക്കുന്നതെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാഴ്ച്ചയ്ക്കുള്ളിൽ ഇത് നടപ്പിലാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്നും കമ്മിറ്റി അറിയിച്ചിട്ടുണ്ട്. ഇത് നടപ്പിലാക്കുന്നതിന്റെ കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എമിറേറ്റിലെ COVID-19 വ്യാപനം വിജയകരമായി നിയന്ത്രിക്കുന്നതിൽ മുഖ്യ പങ്ക്വഹിച്ച മുൻകരുതൽ നടപടികളായ പരിശോധനകളും, രോഗബാധിതരുമായി സമ്പർക്കം പുലർത്തിയിരുന്നവരെ കണ്ടെത്തുന്ന പ്രവർത്തനങ്ങളും തുടരുമെന്നും കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. COVID-19 വ്യാപനം തടയുന്നതിനായി ആവശ്യമായ എല്ലാ ജാഗ്രതയും, പ്രവർത്തനങ്ങളും അധികൃതർ തുടരുമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.