പിഴ കൂടാതെ ഒമാനിൽ നിന്ന് മടങ്ങുന്നതിനായി 45000-ത്തിൽ പരം പ്രവാസികൾ ഒമാനിൽ അപേക്ഷ നൽകി

GCC News

വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച 45000-ത്തിൽ പരം പ്രവാസികൾ പിഴ തുകകൾ കൂടാതെ ഒമാനിൽ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നതിനായി അപേക്ഷകൾ നൽകിയതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. ഒമാനിൽ അനധികൃതമായി തുടരുന്ന പ്രവാസികൾക്ക്, നവംബർ 15 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ, ഒമാനിൽ നിന്ന് എന്നേക്കുമായി മടങ്ങുകയാണെങ്കിൽ, പിഴതുകകളും മറ്റും ഒഴിവാക്കി നൽകുമെന്ന് തൊഴിൽ മന്ത്രാലയം നവംബർ 10-ന് അറിയിച്ചിരുന്നു.

ഡിസംബർ 31-ന് അവസാനിക്കുന്ന ഈ പ്രത്യേക ഇളവ് പ്രയോജനപ്പെടുത്തുന്നതിനായി ഇതുവരെ 45715 പ്രവാസികൾ ഒമാൻ തൊഴിൽ മന്ത്രാലയത്തിൽ അപേക്ഷിച്ചിട്ടുണ്ട്. ഇതിൽ 15000-ത്തോളം പേർ കെട്ടിടനിർമ്മാണമേഖലയിൽ തൊഴിലെടുത്തിരുന്നവരാണ്. 3000-ത്തോളം പേർ ഓട്ടോമൊബൈൽ മേഖലയിലെ തൊഴിലാളികളാണ്. നവംബർ 15 മുതൽ ആരംഭിച്ച ഈ ഇളവ് പ്രയോജനപ്പെടുത്തുന്നതിനായി പ്രവാസികളുടെ ഇടയിൽ നിന്ന് വലിയ പ്രതികരണമുണ്ടായതായി തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

പിഴ കൂടാതെ രാജ്യം വിടുന്നതിനുള്ള അനുമതി ലഭിക്കുന്നതിനായി ഇത്തരം തൊഴിലാളികൾക്ക് https://www.manpower.gov.om/ManpowerAllEServices/Details/Registration-for-Departure-within-the-Grace-Period-306 എന്ന വിലാസത്തിലൂടെ ഈ വർഷം അവസാനം വരെ റജിസ്‌ട്രേഷൻ സമർപ്പിക്കാവുന്നതാണ്. ഇതിന് പുറമെ സനദ് ഓഫിസുകൾ വഴിയും, എംബസികൾ മുഖാന്തരവും ഇത്തരം അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ചവർ, അനധികൃതമായി രാജ്യത്ത് തുടരുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് ഒമാനിൽ നിന്ന് നിയമപരമായി സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നതിന് ഈ അവസരം ഉപയോഗിക്കാവുന്നതാണ്.

തൊഴിൽ മന്ത്രാലയത്തിൽ രാജ്യം വിടുന്നതിനുള്ള അപേക്ഷ സമർപ്പിച്ചിട്ടുള്ള പ്രവാസി തൊഴിലാളികൾ, റെജിസ്റ്റർ ചെയ്ത് 7 ദിവസത്തിന് ശേഷം, നടപടികൾ പൂർത്തിയാക്കുന്നതിനായി മസ്കറ്റ് വിമാനത്താവളത്തിലെ ലേബർ ഓഫീസിൽ നേരിട്ടെത്താനും മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. വിമാന സമയത്തിന് 7 മണിക്കൂർ മുൻപായി, യാത്രാ രേഖകൾ, യാത്രാ ടിക്കറ്റ്, 72 മണിക്കൂർ സാധുതയുള്ള PCR പരിശോധനാ ഫലം എന്നിവയുമായാണ് മസ്കറ്റ് വിമാനത്താവളത്തിലെ ലേബർ ഓഫീസിൽ ഇവർ എത്തേണ്ടത്. യാത്രാ രേഖകളുടെ കാലാവധി അവസാനിച്ചവരും, യാത്രാ രേഖകൾ നഷ്ടപ്പെട്ടവരുമായ ഇത്തരം പ്രവാസി തൊഴിലാളികൾ ഉടനെ അവരുടെ രാജ്യങ്ങളുടെ എംബസികളുമായി ബന്ധപ്പെടേണ്ടതാണ്.