എമിറേറ്റിലെ റോഡുകളിൽ അശ്രദ്ധ കൊണ്ടും, മറ്റു കാരണങ്ങൾ കൊണ്ടും ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് പാലിക്കാതിരിക്കുന്നത് അപകടകരമായ നിയമലംഘനമാണെന്ന മുന്നറിയിപ്പ് അബുദാബി പോലീസ് (ADP) ആവർത്തിച്ചു. ജനുവരി 31, ഞായറാഴ്ച്ച വൈകീട്ടാണ് പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
അമിതവേഗം, അശ്രദ്ധ, മൊബൈൽ ഫോണിന്റെ ഉപയോഗം എന്നിങ്ങിനെ മൂന്ന് പ്രധാന കാരണങ്ങളാണ്, നാല്‍ക്കവലകളിലും മറ്റും ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിച്ച് വാഹനമോടിക്കുന്നതിലേക്ക് നയിക്കുന്നതെന്ന് ADP നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം നിയമലംഘനങ്ങൾക്ക് എമിറേറ്റിൽ കനത്ത പിഴ ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ ഓർമ്മപ്പെടുത്തി.
ട്രാഫിക്ക് സിഗ്നലുകളിൽ അശ്രദ്ധയോടെ വാഹനം ഉപയോഗിക്കുന്ന പ്രവണത വാഹനമോടിക്കുന്നവരുടെയും, മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരുടെയും ജീവനു ഒരു പോലെ ഭീഷണി ഉയർത്തുന്നതാണെന്ന് ഓർമ്മപ്പെടുത്തിയ അബുദാബി പോലീസ്, ജനങ്ങളോട് ഇത്തരം നിയമങ്ങൾ പാലിക്കാൻ ജാഗ്രത പുലർത്താൻ ആവശ്യപ്പെട്ടു. ഇത്തരത്തിൽ നിയമലംഘനങ്ങൾക്ക് പിടിക്കപ്പെടുന്ന വാഹനങ്ങളുടെ ഉടമകൾക്കെതിരെ താഴെ പറയുന്ന ശിക്ഷാ നടപടികൾ കൈക്കൊള്ളുന്നതാണ്.
- ട്രാഫിക്ക് സിഗ്നലിൽ റെഡ് ലൈറ്റ് ലംഘിച്ച് കൊണ്ട് വാഹനമോടിക്കുന്ന ചെറുവാഹങ്ങളിലെ ഡ്രൈവർമാർക്ക് 1000 ദിർഹം പിഴയും, 12 ട്രാഫിക്ക് ബ്ലാക് പോയിന്റുകളും ചുമത്തുന്നതാണ്.
- നിയമം ലംഘിക്കുന്ന ഡ്രൈവറുടെ ലൈസൻസ് ആറ് മാസത്തേക്ക് പിടിച്ച് വെക്കുന്നതാണ്.
- അപകടങ്ങൾക്കിടയാക്കുന്ന വാഹനങ്ങൾ 30 ദിവസത്തേക്ക് പോലീസ് പിടിച്ചെടുക്കുന്നതാണ്. ഇത്തരത്തിൽ പിടിച്ചെടുക്കപ്പെടുന്ന വാഹനങ്ങൾ വിട്ടുകിട്ടുന്നതിന് 50000 ദിർഹം ഈടാക്കുന്നതാണ്. ഈ ഫീസ് അടയ്ക്കുന്നത് വരെ വാഹനം വിട്ടു കൊടുക്കുന്നതല്ല. പരമാവധി മൂന്ന് മാസത്തിനുള്ളിൽ ഈ തുക അടച്ച് തിരികെ കൈപ്പറ്റാത്ത വാഹനങ്ങൾ ലേലം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
വാഹനമോടിക്കുന്ന അവസരത്തിൽ വാഹനം നിയന്ത്രിക്കുന്നതിലും, റോഡിലെ സാഹചര്യങ്ങളെ കുറിച്ചും പൂർണ്ണമായി ശ്രദ്ധ ചെലുത്താനും, വാഹനമോടിക്കുന്ന സമയം ഫോൺ, ഇന്റർനെറ്റ്, സമൂഹമാധ്യമങ്ങൾ എന്നിവയുടെ ഉപയോഗം ഒഴിവാക്കാനും ഡ്രൈവർമാരോട് ADP നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇത്തരത്തിലുള്ള നിയമലംഘങ്ങൾ കണ്ടെത്തുന്നതിനായി ADP എല്ലാ നാല്‍ക്കവലകളിലും ക്യാമറകൾ ഉപയോഗിച്ച് വരുന്നതായും, അബുദാബിയിലെ ട്രാഫിക് നിരീക്ഷണ കണ്ട്രോൾ സെന്റററിൽ മുഴുവൻ സമയവും ഇത്തരം ലംഘങ്ങൾ നിരീക്ഷിക്കുന്നതായും ADP ഓർമ്മപ്പെടുത്തി.