ബഹ്‌റൈൻ: ഓഗസ്റ്റ് 1 മുതൽ യെല്ലോ ലെവൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യ മന്ത്രാലയം

featured GCC News

2021 ഓഗസ്റ്റ് 1 മുതൽ രാജ്യത്ത് യെല്ലോ ലെവൽ അലേർട്ട് ഏർപ്പെടുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ തീരുമാനം രാജ്യത്തെ 40 വയസിന് മുകളിൽ പ്രായമുള്ളവരിൽ 80 ശതമാനം പേർക്ക് COVID-19 വാക്സിൻ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകി പൂർത്തിയാകുന്നതു വരെ തുടരുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

https://twitter.com/MOH_Bahrain/status/1420733540006780932

ജൂലൈ 29-ന് വൈകീട്ടാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. സിനോഫാം വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ച 40 വയസിന് മുകളിൽ പ്രായമുള്ളവർക്ക്, രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് ഒരു മാസം പൂർത്തിയാക്കുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് നൽകുന്നതാണ്. ബൂസ്റ്റർ ഡോസിന് അർഹരായവരിൽ ‘BeAware’ ആപ്പിലെ ഷീൽഡിന്റെ നിറം ഓഗസ്റ്റ് 31-ന് സ്വയമേവ മഞ്ഞനിറത്തിലേക്ക് മാറുമെന്നും മന്ത്രാലയം അറിയിച്ചു.

കൊറോണാ വൈറസിന്റെ ഡെൽറ്റാ വകഭേദം ലോകത്താകമാനം വ്യാപിക്കുന്ന സാഹചര്യത്തിലാണ് 40 വയസിന് മുകളിൽ പ്രായമുള്ളവർക്ക് പരമാവധി രോഗപ്രതിരോധശേഷി നൽകുന്നതിനായി ബൂസ്റ്റർ ഡോസ് നൽകാനും, നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനുമുള്ള ഈ തീരുമാനം.

രാജ്യത്തെ COVID-19 രോഗവ്യാപനം സൂചിപ്പിക്കുന്നതിനായി ട്രാഫിക് ലൈറ്റ് സിഗ്നലിന് സമാനമായ ഒരു കളർ കോഡിങ്ങ് സംവിധാനം ഉപയോഗിക്കാൻ തീരുമാനിച്ചതായി ജൂലൈ 2 മുതൽ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഈ കളർ ലെവൽ പ്രകാരമാണ് ബഹ്‌റൈനിലെ വിവിധ മേഖലകളിലെ നിയന്ത്രണങ്ങളും, ഇളവുകളും കണക്കാക്കുന്നത്. ജൂലൈ 23 മുതൽ നിലവിൽ രാജ്യത്ത് ബഹ്‌റൈനിൽ ഗ്രീൻ ലെവൽ അലേർട്ടാണ് നടപ്പിലാക്കിയിട്ടുള്ളത്.