ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ ഔദ്യോഗികമായി സന്ദർശിച്ചു. 2022 ഫെബ്രുവരി 23-നാണ് അദ്ദേഹം ദുബായിയുടെ തിരക്കേറിയ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വാസ്തുവിദ്യാ വിസ്മയമായ ഈ മ്യൂസിയം സന്ദർശിച്ചത്.
‘ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ 2022 ഫെബ്രുവരി 22-ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ഉദ്‌ഘാടനം ചെയ്തിരുന്നു. ഫെബ്രുവരി 23-ന് മ്യൂസിയത്തിലൂടെയുള്ള പര്യടനത്തിൽ ദുബായ് ഡെപ്യൂട്ടി ഭരണാധികാരി H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.
“ഞാൻ ഇന്ന് ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സന്ദർശിച്ചു. ഈ മ്യൂസിയത്തിലെത്തുന്ന സന്ദർശകർക്ക് നേരിട്ട് കാണാനാകുന്ന പ്രദർശനങ്ങൾ, അനുഭവങ്ങൾ എന്നിവ ഞാൻ കണ്ടറിഞ്ഞു. മനുഷ്യരാശിയുടെ വികസനത്തിനും, ഭാവിയിലെ നൂതന സാങ്കേതികവിദ്യകളുടെ കണ്ടെത്തലിനും സഹായിക്കുന്ന ഒരു ആഗോള കേന്ദ്രമാണിത്.”, സന്ദർശനത്തെക്കുറിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ട്വിറ്ററിൽ കുറിച്ചു.
“ശാസ്ത്രപുരോഗതിയുടെ വളർച്ചയിലെ ഒരു കുതിച്ചുച്ചാട്ടമാണ് ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ. ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ നിർമ്മിക്കുന്നതിൽ ഒരു ഔദ്യോഗിക സ്ഥാപനമായി ഇത് മാറുന്നതാണ്.”, അദ്ദേഹം കൂട്ടിച്ചേർത്തു. നാളത്തെ ലോകത്ത് നമ്മുടെ സ്വന്തം സ്ഥാനത്തെക്കുറിച്ച് മനസിലാക്കിത്തരുന്നതിനും, മനുഷ്യരാശിയുടെ ഭാവി ജീവിതം എങ്ങനെയായിരിക്കുമെന്നതിലേക്ക് വെളിച്ചം വീശുന്നതിനുമായി സന്ദർശകരെ 2071-ലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒരു ദൃശ്യവിസ്മയമാണ് ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ.
സമൂഹം നേരിടുന്ന വെല്ലുവിളികൾക്ക് നൂതനമായ പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിനായി ഭാവി തലമുറയ്ക്ക് ഒരു പരീക്ഷണശാലയായി വർത്തിക്കുന്ന ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിനെ “ഭൂമിയിലെ ഏറ്റവും മനോഹരമായ കെട്ടിടം” എന്നാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് വിശേഷിപ്പിച്ചിരിക്കുന്നത്. മുൻകാല അറബ് ബുദ്ധിജീവികളെ അഭിനന്ദിക്കുന്നതിനൊപ്പം ശാസ്ത്രം, ഗണിതശാസ്ത്രം, ഗവേഷണം എന്നീ മേഖലകളിലെ അറബ് മികവിന്റെ പുനരുജ്ജീവനത്തെയും, അറബ് നാഗരികതയുടെയും, നവോത്ഥാനത്തിന്റെയും പുനരാരംഭവും ഈ കെട്ടിടത്തിലൂടെ ലക്ഷ്യമിടുന്നു.
നൂതന ആശയങ്ങളുടെ ഒരു പ്രഭവകേന്ദ്രം എന്ന രീതിയിൽ പ്രവർത്തിക്കുന്ന ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ ഭാവിയിലെ മികച്ച ചിന്തകരെയും, ശാസ്ത്രജ്ഞരെയും കണ്ടെത്തി ഒരുക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നതാണ്. ലോകമെമ്പാടുമുള്ള ചിന്തകരെയും വിദഗ്ധരെയും ബന്ധിപ്പിച്ച് കൊണ്ട് യു എ ഇയിൽ നിന്നും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് നൂതന ചിന്താധാരകൾ ഒരുക്കുന്നതിനായി ‘ജീവനുള്ള മ്യൂസിയം’ എന്ന രീതിയിലാണ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഭാവിയിലെ മനുഷ്യരാശിയുടെ ജീവിതശൈലികളിലേക്കുള്ള ഒരു മുൻകാഴ്ച ഇവിടെ നിന്ന് സന്ദർശകർക്ക് ലഭിക്കുന്നതാണ്. വെർച്വൽ, ഓഗ്മെന്റഡ് റിയാലിറ്റി, ഡാറ്റ വിശകലനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഹ്യൂമൻ മെഷീൻ ഇന്ററാക്ഷൻ എന്നിവയുടെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ 4,000 മെഗാവാട്ട് സൗരോർജ്ജം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. മനുഷ്യന്റെ ഭാവി, നഗരങ്ങൾ, സമൂഹങ്ങൾ, ഭൂമിയിലെയും ബഹിരാകാശത്തിലെയും ജീവിതം എന്നിവയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന ഈ മ്യൂസിയത്തിലെ പ്രദർശനങ്ങൾ, ബഹിരാകാശ യാത്രയുടെ ഭാവി പര്യവേക്ഷണം ചെയ്യുന്ന അഞ്ച് വ്യത്യസ്ത എക്സിബിഷനുകളിൽ സന്ദർശകർക്ക് നൂതനമായ അനുഭവങ്ങൾ പ്രദാനം ചെയ്യുന്നു.
ഓർബിറ്റിങ്ങ് സ്പേസ് സ്റ്റേഷൻ (OSS Hope) പ്രദർശനം സന്ദർശിച്ച് കൊണ്ടാണ് മ്യൂസിയത്തിലൂടെയുള്ള തന്റെ പര്യടനം ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആരംഭിച്ചത്. മനുഷ്യരാശിയ്ക്കായി ശൂന്യാകാശത്തിലൊരുക്കിയിട്ടുള്ള ഭാവി ഭവനം എന്ന സങ്കല്പം വിഭാവനം ചെയ്യുന്നതാണ് ഈ പ്രദർശനം.
സന്ദർശകർക്ക് വെർച്വൽ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ബഹിരാകാശത്തേക്ക് സഞ്ചരിക്കുന്നതിനും, ബഹിരാകാശയാത്രകളെക്കുറിച്ച് അടുത്തറിയുന്നതിനും ഈ പ്രദർശനം അവസരമൊരുക്കുന്നു. ബഹിരാകാശ യാത്ര പൂർത്തിയാക്കി തിരികെ ഭൂമിയിലേക്ക് മടങ്ങിയെത്തുന്ന സന്ദർശകർക്ക് 2071-ൽ ഈ ലോകവും, ദുബായ് നഗരവും ഏത് രീതിയിലാണ് ഉണ്ടായിരിക്കുക എന്ന് കണ്ടറിയുന്നതിനുള്ള അവസരവും ഈ പ്രദർശനത്തിന്റെ ഭാഗമാണ്.
മ്യൂസിയത്തിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് തുടർന്ന് ‘ജീവന്റെ നിലവറ’ (Vault of Life) എന്ന പ്രദർശനം സന്ദർശിച്ചു. അതിനൂതനമായ വെർച്വൽ, ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് മഴക്കാടുകളുടെ ജൈവവൈവിധ്യത്തെ അടുത്തറിയുന്നതിന് ഈ പ്രദർശനം സന്ദർശകർക്ക് അവസരമൊരുക്കുന്നു.
വെർച്വൽ രീതിയിൽ സന്ദർശകർക്ക് മഴക്കാടുകളിലെ പ്രകൃതിയിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കാൻ കഴിയുന്ന വിധത്തിലാണ് ഈ പ്രദർശനം ഒരുക്കിയിരിക്കുന്നത്. ഈ പ്രദർശനത്തിലെത്തുന്ന സന്ദർശകർക്ക് പങ്കെടുക്കാവുന്ന പ്രവർത്തികളിലൂടെ അവർ മഴക്കാടുകളുടെ സംരക്ഷണം, പുനരുദ്ധരിക്കല്‍, ജന്തുജാലങ്ങളെയും, മരങ്ങൾ, ചെടികൾ എന്നിവയെയും അവയുടെ ആവാസവ്യവസ്ഥകളിലേക്ക് തിരികെ എത്തിക്കൽ, കാടുകൾക്ക് ഏറ്റിട്ടുള്ള ആഘാതങ്ങളുടെ നികത്തൽ തുടങ്ങിയ വിവിധ വശങ്ങളെക്കുറിച്ച് അടുത്തറിയുന്നു.
ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സന്ദർശിക്കുന്നതിന് ആഗ്രഹിക്കുന്നവർക്ക് https://museumofthefuture.ae/en/book എന്ന വിലാസത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. മൂന്ന് വയസിന് മുകളിൽ പ്രായമുള്ളവർക്ക് 145 ദിർഹമാണ് ടിക്കറ്റ് നിരക്ക്. മൂന്ന് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.