സൗദി: വിദ്യാലയങ്ങളിലെ ഈദ് അവധി ഏപ്രിൽ 21-ന് ആരംഭിക്കും

GCC News

രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഈ വർഷത്തെ ഈദ് അവധി 2022 ഏപ്രിൽ 21, വ്യാഴാഴ്ചത്തെ പ്രവർത്തിദിനം അവസാനിക്കുന്നത് മുതൽ ആരംഭിക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 20-നാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൗദി അറേബ്യയിലെ വിദ്യാലയങ്ങളിലെ ഈദ് അവധി 2022 ഏപ്രിൽ 25, തിങ്കളാഴ്ചത്തെ പ്രവർത്തിദിനം അവസാനിക്കുന്നത് മുതൽ ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ സൗദി രാജാവിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ യൂണിവേഴ്സിറ്റികൾ ഉൾപ്പടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈദ് അവധി നേരത്തെ ആക്കുന്നതിന് തീരുമാനിക്കുകയായിരുന്നു.

രാജ്യത്തെ സ്വകാര്യ മേഖലയിലെ ഈ വർഷത്തെ ഈദ് അവധി സംബന്ധിച്ച് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് 2022 ഏപ്രിൽ 19-ന് അറിയിപ്പ് പുറത്തിറക്കിയിരുന്നു.