ഉപഭോക്താക്കൾക്ക് ചില്ലറവില്പന മേഖലയിൽ അവിശ്വസനീയമായ ഇളവുകളും, ആനുകൂല്യങ്ങളും നൽകുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) ഇരുപത്തെട്ടാമത് സീസൺ 2022 ഡിസംബർ 15 മുതൽ ആരംഭിക്കും. 2022 ഒക്ടോബർ 18-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
സന്ദർശകർക്കായി ഷോപ്പിങ്ങിന്റെയും, വിനോദത്തിന്റെയും, കലാവിരുന്നുകളുടെയും, രുചിവിസ്മയങ്ങളുടെയും മാസ്മരിക ലോകം തീർക്കുന്ന DSF-ന്റെ ഇരുപത്തെട്ടാമത് സീസൺ 2022 ഡിസംബർ 15 മുതൽ 2023 ജനുവരി 29 വരെയാണ് സംഘടിപ്പിക്കുന്നത്. 46 ദിവസം നീണ്ട് നിൽക്കുന്ന DSF ഉപഭോക്താക്കൾക്കായി അവിശ്വസനീയമായ വിലക്കുറവും, അതിനൂതനമായ കലാപരിപാടികളും, ലോകനിലവാരത്തിലുള്ള വിനോദപരിപാടികളും ഒരുക്കുന്നു.
ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീറ്റെയ്ൽ എസ്റ്റാബ്ലിഷ്മെന്റ് (DFRE) സംഘടിപ്പിക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ മുഴുവൻ കുടുംബാംഗങ്ങൾക്കും ഷോപ്പിംഗിനൊപ്പം അവിസ്മരണീയമായ ഉല്ലാസ മുഹൂർത്തങ്ങൾ സമ്മാനിക്കുന്നു. ഉപഭോക്താക്കൾക്കായി ചില്ലറവില്പന മേഖലയിൽ അവിശ്വസനീയമായ ഇളവുകളും, ആനുകൂല്യങ്ങളും ഒരുക്കുന്ന ഈ ആഘോഷവേളയിൽ DSF ഡ്രോൺസ് ലൈറ്റ് ഷോ, ദുബായ് ലൈറ്റ്സ് എക്സിബിഷൻ മുതലായ ആകർഷണങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
ഉപഭോക്താക്കളുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ സാധ്യതയുള്ള സമ്മാനങ്ങളുടെയും, സാധ്യതകളുടെയും കലവറ കൂടിയാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ദുബായ് സന്ദർശിക്കുന്നതിനുള്ള ഏറ്റവും മികച്ച അവസരമാണ് DSF എന്ന് DFRE സി ഇ ഓ അഹ്മദ് അൽ ഖാജ അറിയിച്ചു.
പ്രാദേശിക, അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ അവിശ്വസനീയമായ വിലക്കുറവിൽ വാങ്ങുന്നതിന് അവസരം ലഭിക്കുന്നതിനൊപ്പം തത്സമയ സംഗീതമേളകൾ, കുടുംബത്തിന് ഒത്തൊരുമിച്ച് പങ്കെടുക്കാവുന്ന കലാപ്രദർശനങ്ങൾ, ഔട്ട്ഡോർ മാർക്കറ്റുകൾ, ഓപ്പൺ എയർ ഡൈനിങ്ങ് തുടങ്ങിയ നിരവധി അനുഭവങ്ങൾ ഉപഭോക്താക്കൾക്ക് ആസ്വദിക്കുന്നതിനും ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ അവസരമൊരുക്കുന്നു.