ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 മത്സരങ്ങൾ കാണുന്നതിനായി യാത്ര ചെയ്യുന്നവർക്ക് ഹയ്യ കാർഡ്, ഹയ്യ സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത പാസ്സ്‌പോർട്ട് എന്നിവ നിർബന്ധമാണെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് (ജവാസത്) ആവർത്തിച്ച് അറിയിച്ചു. 2022 നവംബർ 8-നാണ് സൗദി പ്രസ്സ് ഏജൻസി ഇക്കാര്യം റിപ്പോർട്ട ചെയ്തത്.
ഇത്തരത്തിൽ രജിസ്റ്റർ ചെയ്ത പാസ്സ്പോർട്ടുകളുടെ സാധുത സംബന്ധിച്ചും ജവാസത് അറിയിപ്പ് നൽകിയിട്ടുണ്ട്. ജി സി സി പൗരന്മാരുടെ ഇത്തരം പാസ്സ്‌പോർട്ടുകൾക്ക് ചുരുങ്ങിയത് മൂന്ന് മാസത്തെ കാലാവധിയും, മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരുടെ പാസ്സ്‌പോർട്ടുകൾക്ക് ചുരുങ്ങിയത് ആറ് മാസത്തെ കാലാവധിയും നിർബന്ധമാണെന്ന് ജവാസത് വ്യക്തമാക്കിയിട്ടുണ്ട്.
ലോകകപ്പ് കാണുന്നതിനായി സൗദി അറേബ്യയിൽ നിന്ന് ഖത്തറിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഹയ്യ കാർഡ് നേടിയിട്ടുള്ള പൗരന്മാർ, പ്രവാസികൾ, വിനോദസഞ്ചാരികൾ തുടങ്ങിയവർക്ക് ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി 911 എന്ന നമ്പറിൽ യൂണിഫൈഡ് സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. https://hereforyou.sa/en/index.html എന്ന വിലാസത്തിൽ നിന്നും ഈ വിവരങ്ങൾ ലഭ്യമാണ്.
ലോകകപ്പ് കാണുന്നതിനായി സൗദി അതിർത്തികളിലൂടെ യാത്ര ചെയ്യുന്ന ജി സി സി നിവാസികൾക്ക് ഹയ്യ ഡിജിറ്റൽ സംവിധാനത്തിൽ രജിസ്‌ട്രേഷൻ നിർബന്ധമാണെന്ന് ജവാസത് നേരത്തെ അറിയിച്ചിട്ടുണ്ട്.
രാജ്യത്ത് നിന്ന് ലോകകപ്പ് കാണുന്നതിനായി ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർക്ക് 2022 നവംബർ 1 മുതൽ പുതിയ യാത്രാ നിബന്ധനകൾ ഏർപ്പെടുത്തിയതായും ജവാസത് നേരത്തെ അറിയിച്ചിരുന്നു.