2023 മാർച്ച് 5 മുതൽ ദെയ്റയിലെ ഓൾഡ് ബലദിയ സ്ട്രീറ്റിൽ റമദാൻ സൂഖ് സംഘടിപ്പിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. 2023 മാർച്ച് 4-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
മാർച്ച് 5 മുതൽ മാർച്ച് 15 വരെയാണ് ഈ പരമ്പരാഗത റമദാൻ മാർക്കറ്റ് സംഘടിപ്പിക്കുന്നത്. ദിനവും രാവിലെ 10 മണിമുതൽ രാത്രി 8 മണിവരെയാണ് ഈ മാർക്കറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
റമദാൻ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട എമിറേറ്റിലെ വിശിഷ്ടമായ പരമ്പരാഗത ശീലങ്ങൾ, രീതികൾ, പൈതൃകം എന്നിവ സംരക്ഷിക്കുന്നതും, പരമ്പരാഗത ചന്തകൾ, പ്രാദേശിക ഉത്പന്നങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ദുബായ് മുനിസിപ്പാലിറ്റി ഈ മാർക്കറ്റ് ഒരുക്കുന്നത്.