ദുബായ്: അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സിബിഷൻ മെയ് 1 മുതൽ

UAE

മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ട്രാവൽ ആൻഡ് ടൂറിസം എക്സിബിഷനായ അറേബ്യൻ ട്രാവൽ മാർക്കറ്റ് 2023 മെയ് 1 മുതൽ ദുബായിൽ ആരംഭിക്കും. 2023 ഏപ്രിൽ 24-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ മുപ്പതാമത് പതിപ്പ് 2023 മെയ് 1 മുതൽ മെയ് 4 വരെയാണ്. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് ഈ ട്രാവൽ ആൻഡ് ടൂറിസം പ്രദർശനം സംഘടിപ്പിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്നതും, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ ഏറ്റവും മികച്ച ബ്രാൻഡുകളെ പരിചയപ്പെടുത്തുന്നതുമായ പ്രദർശനങ്ങൾ ഈ എക്‌സിബിഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടൂറിസം മേഖലയിലെ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന ടൂറിസം ടെക്‌നോളജി പ്രദർശനവും അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആഗോളതലത്തിലെ ഏറ്റവും മുൻപന്തിയിലുള്ള എൺപതിലധികം ട്രാവൽ ടെക്‌നോളജി കമ്പനികൾ ഈ പ്രദർശനത്തിൽ പങ്കെടുക്കുന്നതാണ്. ഈ മേഖലയിലെ ഏറ്റവും നൂതനമായ സാങ്കേതികവിദ്യകൾ ഇവർ പ്രദർശനത്തിൽ അവതരിപ്പിക്കുന്നതാണ്.

ഇതിന് പുറമെ പരിസ്ഥിതി സൗഹൃദ രീതിയിലുള്ള വിനോദസഞ്ചാരത്തിന്റെ ഏറ്റവും നൂതന പ്രവണതകൾ അവതരിപ്പിക്കുന്ന സസ്‌റ്റൈനബിലിറ്റി ഹബ് ഇത്തവണത്തെ അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ സവിശേഷതയാണ്.

Cover Image: Dubai Media Office.