സൗദി അറേബ്യയിൽ നിശ്ചിത എണ്ണത്തിൽ കൂടുതൽ ഗാർഹിക ജീവനക്കാരെ നിയമിക്കുന്ന പൗരമാർക്കും, പ്രവാസികൾക്കും പ്രത്യേക തീരുവ ചുമത്താനുള്ള തീരുമാനത്തിന്റെ രണ്ടാം ഘട്ടം 2023 മെയ് 11 മുതൽ പ്രാബല്യത്തിൽ വരും. സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡവലപ്മെന്റാണ് ഇക്കാര്യം അറിയിച്ചത്.
2023 മെയ് 8-നാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ തീരുമാനത്തിന്റെ ആദ്യ ഘട്ടം 2022 മെയ് 22 മുതൽ നടപ്പിലാക്കിയിരുന്നു.
ഈ തീരുമാനം പ്രകാരം, നാല് ഗാർഹിക ജീവനക്കാരിൽ കൂടുതൽ പേരെ നിയമിക്കുന്ന സൗദി പൗരന്മാർക്കും, രണ്ട് ഗാർഹിക ജീവനക്കാരിൽ കൂടുതൽ പേരെ നിയമിക്കുന്ന പ്രവാസി തൊഴിലുടമകൾക്കും അധികമായി നിയമിക്കുന്ന ഓരോ ഗാർഹിക ജീവനക്കാർക്കും വാർഷിക ഫീസ് ഇനത്തിൽ 9600 റിയാൽ തീരുവ ഇനത്തിൽ ചുമത്തുന്നതാണ്. ഈ തീരുമാനത്തിന്റെ ആദ്യ ഘട്ടത്തിൽ ഇത്തരത്തിൽ അധികമായി നിയമിക്കപ്പെടുന്ന പുതിയ ഗാർഹിക ജീവനക്കാർക്കാണ് ഈ തീരുവ ചുമത്തിയിരുന്നത്.
2023 മെയ് 11 മുതൽ നടപ്പിലാക്കുന്ന ഈ തീരുമാനത്തിന്റെ രണ്ടാം ഘട്ടത്തിൽ പുതിയതായി നിയമിക്കപ്പെടുന്നതും, നിലവിൽ നിയമിച്ചിട്ടുള്ളതുമായ അധികം ഗാർഹിക ജീവനക്കാർക്ക് ഈ തീരുവ ചുമത്തുന്നതാണ്.
രാജ്യത്തെ ഗാർഹിക ജീവനക്കാർക്ക്, ഏതാനം വ്യവസ്ഥകൾക്ക് വിധേയമായി ഒരു പ്രത്യേക തീരുവ ചുമത്താൻ സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് 2022 മാർച്ച് ആദ്യവാരത്തിൽ തീരുമാനിച്ചിരുന്നു.
ഈ തീരുമാനത്തിൽ മാനുഷിക പരിഗണന ആവശ്യമാകുന്ന സാഹചര്യങ്ങളിൽ ചില പ്രത്യേക ഇളവുകൾക്കുള്ള വ്യവസ്ഥകൾ അനുവദിച്ചിട്ടുണ്ട്. ഇത് പ്രകാരം, അസുഖബാധിതരായ കുടുംബാംഗങ്ങളുടെയും, അംഗപരിമിതരായ കുടുംബാംഗങ്ങളുടെയും ആരോഗ്യ പരിചരണത്തിനായി നിയമിക്കുന്ന ജീവനക്കാർക്ക് ഏതാനം വ്യവസ്ഥകളോടെ ഈ ഫീസ് ഒഴിവാക്കുന്നതാണ്.