രാജ്യത്തെ സ്വകാര്യ മേഖലയിലെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2023 ജൂൺ 27, ചൊവ്വാഴ്ച (1444 ദുൽ ഹജ്ജ് 9) മുതൽ ആരംഭിക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിച്ചു. 2023 ജൂൺ 19-നാണ് MoHRE ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
സ്വകാര്യ മേഖലയിൽ 2023 ജൂൺ 27, ചൊവ്വാഴ്ച മുതൽ 2023 ജൂൺ 30, വെള്ളിയാഴ്ച വരെ ഈദുൽ അദ്ഹ അവധിദിനങ്ങളായിരിക്കുമെന്ന് MoHRE വ്യക്തമാക്കിയിട്ടുണ്ട്. ഈ ദിനങ്ങൾ യു എ ഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് വേതനത്തോടെയുള്ള അവധിദിനങ്ങളായി കണക്കാക്കുന്നതാണ്.
തുടർന്നുള്ള വാരാന്ത്യ അവധിയ്ക്ക് ശേഷം ജൂലൈ 3, തിങ്കളാഴ്ച മുതൽ സ്വകാര്യ മേഖലയിലെ പ്രവർത്തനം പുനരാരംഭിക്കുന്നതാണ്.
രാജ്യത്തെ മന്ത്രാലയങ്ങളിലെയും, സർക്കാർ വകുപ്പുകളിലെയും ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 1444 ദുൽ ഹജ്ജ് 9-ന് ആരംഭിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) നേരത്തെ അറിയിച്ചിരുന്നു.