ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയ്ക്ക് യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. 2023 നവംബർ 24, വെള്ളിയാഴ്ചയാണ് ഈ പദ്ധതിയ്ക്ക് അംഗീകാരം നൽകിയത്.
ദുബായ് ക്രീക്ക് ഹാർബറിൽ വെച്ച് നടന്ന ചടങ്ങിൽ ദുബായ് ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരി H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഈ പദ്ധതിയ്ക്ക് തുടക്കമിട്ടു.
എമിറേറ്റിലെ പൊതുഗതാഗത മേഖലയെ കൂടുതൽ ശക്തമാക്കുന്നതിന് ഈ പദ്ധതി ലക്ഷ്യമിടുന്നു.
ഏതാണ്ട് മുപ്പത് കിലോമീറ്ററോളം പുതിയ മെട്രോ ലൈനുകൾ നിർമ്മിക്കുന്നത് ലക്ഷ്യമിടുന്ന ബ്ലൂ ലൈൻ പദ്ധതിയുടെ ഭാഗമായി 14 പുതിയ മെട്രോ സ്റ്റേഷനുകൾ ഒരുക്കുന്നതാണ്. ഇതിൽ ക്രീക്ക്, സെന്റർപോയിന്റ്, ഇന്റർനാഷണൽ സിറ്റി 1 എന്നിങ്ങനെ മൂന്ന് പ്രധാന ഇന്റർചേഞ്ച് സ്റ്റേഷനകളും ഉണ്ടായിരിക്കുന്നതാണ്.
18 ബില്യൺ ദിർഹം ചെലവഴിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 2029-ൽ നിർമ്മാണം പൂർത്തിയാക്കുന്നത് ലക്ഷ്യമിട്ടാണ് ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതി നടപ്പിലാക്കുന്നത്.
ദുബായ് ഇന്റർനാഷണൽ എയർപോർട്ടിനെ മിർദിഫ്, അൽ വർഖ, ഇന്റർനാഷണൽ സിറ്റി 1, ഇന്റർനാഷണൽ സിറ്റി 2, ദുബായ് സിലിക്കൺ ഒയാസിസ്, അക്കാദമിക് സിറ്റി. റാസ് അൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയ, ദുബായ് ക്രീക്ക് ഹാർബർ, ദുബായ് ഫെസ്റ്റിവൽ സിറ്റി തുടങ്ങിയ ദുബായിലെ പ്രധാന ഇടങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തരത്തിലായിരിക്കും ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയുടെ നിർമ്മാണം.
താഴെ പറയുന്ന രണ്ട് പ്രധാന പാതകളാണ് ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്:
- ഗ്രീൻ ലൈനിലെ ക്രീക്ക് ഇന്റർചേഞ്ച് സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് ദുബായ് ഫെസ്റ്റിവൽ സിറ്റി, ദുബായ് ക്രീക്ക് ഹാർബർ, റാസ് അൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിലൂടെ ദുബായ് ഇന്റർനാഷണൽ സിറ്റി 1 ഇന്റർചേഞ്ച് സ്റ്റേഷനിൽ എത്തിച്ചേരുകയും, തുടർന്ന് ദുബായ് ഇന്റർനാഷണൽ സിറ്റി 2, ദുബായ് സിലിക്കൺ ഒയാസിസ്, അക്കാദമിക് സിറ്റി എന്നിവിടങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്ന 21 കിലോമീറ്റർ നീളവും, 10 സ്റ്റേഷനുകളും ഉള്ള ഒരു റൂട്ട്.
- റെഡ് ലൈനിലെ സെന്റര്പോയിന്റ് ഇന്റർചേഞ്ച് സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് മിർദിഫ്, അൽ വർഖ, എന്നിവിടങ്ങളിലൂടെ ഇന്റർനാഷണൽ സിറ്റി 1 ഇന്റർചേഞ്ച് സ്റ്റേഷനിൽ എത്തിച്ചേരുന്ന 9 കിലോമീറ്റർ നീളവും, 4 സ്റ്റേഷനുകളും ഉള്ള മറ്റൊരു റൂട്ട്.
ഈ പദ്ധതിയുടെ ഭാഗമായുള്ള ടണൽ നിർമ്മാണ പ്രവർത്തനങ്ങൾ 2025-ൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയുടെ ട്രയൽ റൺ 2028-ലും, ഔദ്യോഗിക ഉദ്ഘാടനം 2029-ലും നടത്തുന്നതിനാണ് ലക്ഷ്യമിടുന്നത്.
Cover Image: Dubai Media Office.