സൗദി അറേബ്യ: സെപ്റ്റംബർ 22 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

featured GCC News

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 സെപ്റ്റംബർ 22, ഞായറാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. 2024 സെപ്റ്റംബർ 18-നാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ സെപ്റ്റംബർ 18 മുതൽ സെപ്റ്റംബർ 22 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ട്. ഇതോടൊപ്പം ആലിപ്പഴം പൊഴിയുന്നതിനും സാധ്യതയുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മക്ക, തായിഫ്, മെയ്സൻ തുടങ്ങിയ മേഖലകളിൽ ഈ കാലയളവിൽ ശക്തമായ മഴ, ആലിപ്പഴം പൊഴിയൽ, കാറ്റ്, പൊടിക്കാറ്റ് എന്നിവ അനുഭവപ്പെടുന്നതാണ്. അസീർ, ജസാൻ, അൽ ബാഹ എന്നിവിടങ്ങളിൽ ഈ കാലയളവിൽ സാമാന്യം ശക്തമായ മഴ ലഭിക്കുന്നതാണ്.

താഴ്വരകൾ, തടാകങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്കുള്ള സന്ദർശനങ്ങൾ ഒഴിവാക്കാൻ സിവിൽ ഡിഫൻസ് നിർദ്ദേശിച്ചിട്ടുണ്ട്.