കോർപ്പറേറ്റ് നികുതിക്ക് വിധേയരായ എല്ലാ വ്യക്തികളും 2025 മാർച്ച് 31-നകം നികുതി രജിസ്ട്രേഷൻ അപേക്ഷകൾ സമർപ്പിക്കണമെന്ന് യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) ആഹ്വാനം ചെയ്തു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഭരണപരമായ പിഴകൾ ഒഴിവാക്കാൻ ഇത് പ്രധാനമാണെന്ന് FTA ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2024 കലണ്ടർ വർഷത്തിൽ യു എ ഇയിൽ ഒരു ബിസിനസ്സ് അല്ലെങ്കിൽ ബിസിനസ്സ് പ്രവർത്തനം നടത്തുന്ന വ്യക്തിയുടെ, ആ കലണ്ടർ വർഷത്തിലെ മൊത്തം വിറ്റുവരവ് 1 മില്യൺ ദിർഹം കവിയുന്നുവെങ്കിൽ, അവർ കോർപ്പറേറ്റ് നികുതിക്ക് വിധേയരാണെന്ന് FTA ഓർമ്മപ്പെടുത്തി.
സമയപരിധിക്കുള്ളിൽ ഒരു വ്യക്തി ഇത്തരം രജിസ്ട്രേഷൻ അപേക്ഷ സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടാൽ, അവർ 10,000 ദിർഹം അഡ്മിനിസ്ട്രേറ്റീവ് പിഴയ്ക്ക് വിധേയമാകുന്നതാണ്. എഫ്ടിഎയുടെ 24/7 ഡിജിറ്റൽ നികുതി സേവനങ്ങൾ നൽകുന്ന ‘EmaraTax’ പ്ലാറ്റ്ഫോം വഴി കോർപ്പറേറ്റ് നികുതി രജിസ്ട്രേഷൻ നടത്താവുന്നതാണ്.
WAM