ദുബായ്: അടിസ്ഥാനസൗകര്യ വികസനത്തിനായി RTA ദുബായ് ഹോൾഡിംഗുമായി കരാർ ഒപ്പുവച്ചു

GCC News

എമിറേറ്റിലെ ഗതാഗത മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ദുബായ് ഹോൾഡിംഗുമായി 6 ബില്യൺ ദിർഹം മൂല്യമുള്ള കരാറിൽ ഒപ്പുവച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ദുബായ് ഐലൻഡ്‌സ്, ജുമൈറ വില്ലേജ് ട്രയാംഗിൾ, പാം ഗേറ്റ്‌വേ, അൽ ഫുർജാൻ, ജുമൈറ പാർക്ക്, അർജൻ, മജാൻ, ലിവാൻ (ഘട്ടം 1), നാദ് അൽ ഹമർ, വില്ലനോവ, സെറീന എന്നിവയുൾപ്പെടെ എമിറേറ്റിലുടനീളമുള്ള പ്രധാന പാർപ്പിട മേഖലകളിലും പദ്ധതികളിലും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നതാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്.

ഈ കരാറിന്റെ ഭാഗമായി ജുമൈറ വില്ലേജ് സർക്കിൾ, ദുബായ് പ്രൊഡക്ഷൻ സിറ്റി, ബിസിനസ് ബേ, പാം ജുമൈറ, ഇന്റർനാഷണൽ സിറ്റി (ഫേസ് 3) എന്നീ അഞ്ച് പ്രധാന ദുബായ് ഹോൾഡിംഗ് പദ്ധതികളിലേക്കുള്ള റോഡുകൾ, പാലങ്ങൾ എന്നിവ വികസിപ്പിക്കുന്നതാണ്. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ബിസിനസ് ബേയിലേക്ക് നയിക്കുന്ന കവലകളിലെ ഉപരിതല മെച്ചപ്പെടുത്തലുകൾ, ഫസ്റ്റ് അൽ ഖൈൽ റോഡുമായുള്ള ബിസിനസ് ബേ ഇന്റർസെക്ഷനിൽ ഒരു കാൽനട പാലത്തിന്റെ നിർമ്മാണം, ടവേഴ്‌സ് ഏരിയയിലെ ആഭ്യന്തര റോഡുകളിലേക്കുള്ള നവീകരണം എന്നിവയും ഈ കരാറിൽ ഉൾപ്പെടുന്നു.